തെരേസ മേയ് അവതരിപ്പിച്ച കരട് ബ്രെക്‌സിറ്റ് ധാരണയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമം. ഇതിനായി പ്രധാനമന്ത്രിയെ പ്രേരിപ്പിക്കാന്‍ ക്യാബിനറ്റിനുള്ളില്‍ ശ്രമം ആരംഭിച്ചു. മേയുടെ ക്യാബിനറ്റിലെ പ്രമുഖരായ അഞ്ച് മന്ത്രിമാരാണ് ഈ ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്. കോമണ്‍സിലെ പ്രമുഖയായ ആന്‍ഡ്രിയ ലീഡ്‌സം ഈ സംഘത്തിന്റെ ഏകോപനം നിര്‍വഹിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മൈക്കിള്‍ ഗോവ്, ലിയാം ഫോക്‌സ്, പെന്നി മോര്‍ഡുവന്റ്, ക്രിസ് ഗ്രെയിലിംഗ് എന്നിവരാണ് സംഘത്തിലെ മറ്റ് മന്ത്രിമാര്‍. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ സമീപനം തിരുത്തുകയാണ് സംഘത്തിന്റെ ദൗത്യം. ബ്രസല്‍സുമായുള്ള ചര്‍ച്ചകളിലെ കീറാമുട്ടി പ്രശ്‌നങ്ങളിലൊന്നാണ് ഇത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ചിലത് തുടരണമെന്നാണ് ഈ വ്യവസ്ഥ പറയുന്നത്. ബ്രെക്‌സിറ്റില്‍ ഒരു ദീര്‍ഘകാല ധാരണ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോഗിക്കാവുന്ന ബാക്ക് അപ്പ് പ്ലാനായാണ് ഇത് നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ അനുമതിയില്ലാതെ ഇതില്‍ നിന്ന് യുകെയ്ക്ക് പിന്മാറാനും കഴിയില്ല. ഈ ധാരണയെ വിമര്‍ശകര്‍ എതിര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ കാര്യത്തിലാണ് ഈ നിബന്ധന ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് 585 പേജുകളുള്ള കരട് ബ്രെക്‌സിറ്റ് കരാര്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതിലുള്ള നിബന്ധനകളും യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരുന്ന പണം എത്രയാണെന്നും പരിവര്‍ത്തന കാലം പൗരാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇതിനെതിരെ ക്യാബിനറ്റിനുള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ ഉയരുകയും രണ്ട് സീനിയര്‍ മന്ത്രിമാരും ജൂനിയര്‍ മന്ത്രിമാരുള്‍പ്പെടെയുള്ള സഹായികളും രാജി നല്‍കുകയും ചെയ്തു. തെരേസ മേയ്‌ക്കെതിരെ ടോറികള്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മേയ്‌ക്കെതിരെ 48 പേര്‍ അവിശ്വാസം പ്രകടിപ്പിച്ച് കത്ത് നല്‍കിയാല്‍ അത് വോട്ടിംഗിലേക്ക് നീങ്ങുകയും കോമണ്‍സില്‍ അവര്‍ക്ക് വിശ്വാസം തെളിയിക്കേണ്ടി വരികയും ചെയ്യും.