ജെഗി ജോസഫ്‌

കോവിഡ് പ്രതിസന്ധി രണ്ടു വര്‍ഷത്തിലേറെയാണ് കവര്‍ന്നത്. നിയന്ത്രണങ്ങള്‍ മൂലം പലര്‍ക്കും പ്രിയപ്പെട്ടവരെ കാണാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ഈ തിരിച്ചുവരവിന്റെ വേളയില്‍ ആവേശത്തോടെ കൊണ്ടാടുകയാണ് ഏവരും. യുകെയിലെ പ്രധാന മലയാളി അസോസിയേഷനായ ബ്രിസ്‌ക ആരംഭിച്ചിട്ട് പന്ത്രണ്ടു വര്‍ഷത്തോളമായെങ്കിലും കോവിഡ് പത്താം വാര്‍ഷിക ആഘോഷത്തെ ബാധിച്ചു. ഇക്കുറി എല്ലാ കുറവും നികത്തി പത്താം വാര്‍ഷികം വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് ബ്രിസ്‌ക. ബ്രിസ്‌ക പ്രസിഡന്റ് ജാക്സൺ ജോസഫ്, സെക്രട്ടറി നെയ്‌സൻറ് ജേക്കബ്, ട്രഷറര്‍ ബിജു രാമൻ, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

മനോഹരമായ പരിപാടി ട്രിനിറ്റി അക്കാദമി ഹാളില്‍ വൈകിട്ട് അഞ്ചു മണിയോടെ ആരംഭിച്ചു. സെക്രട്ടറി നെയ്‌സൻറ് ജേക്കബ് സ്വാഗതം പറഞ്ഞു. തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് ജാക്സൺ ജോസഫ് ബ്രിസ്‌റ്റോളിലെ മലയാളികൾ ബ്രിസ്കയോട് കാണിക്കുന്ന സ്നേഹത്തിന് ബ്രിസ്ക അവരോട് കടപ്പെട്ടിരിക്കുനുവെന്ന് അറിയിച്ചു. പരിപാടിയുടെ ഭാഗമായ ഏവര്‍ക്കും ട്രഷറര്‍ ബിജു രാമൻ നന്ദി പറഞ്ഞു.

നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളും ബ്രിസ്‌ക പ്രസിഡന്റും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തിയാണ് പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്.ഉത്ഘാടന ശേഷം വേദിയില്‍ മനോഹരമായ ഗാനങ്ങളാണ് അവതരിപ്പിച്ചത്. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് തോമസ് ജോസഫ് സ്മരണിക പുറത്തിറക്കി ആദ്യ പ്രതി കൈമാറ്റവും ചെയ്തു.മാഗസിന്‍ എഡിറ്റര്‍ ജെയിംസ് ഫിലിപ്പ്, എഡിറ്റോറിയല്‍ അംഗങ്ങളായ ഷെബി ജോമോന്‍, ബിന്‍സി ജെയ്, മാനുവല്‍ മാത്യു, സിനു കിഷന്‍ എന്നിവർ ചേർന്ന് വളരെ മനോഹരമായ ഒരു മാഗസിൻ ആണ് ഒരുക്കിയിരുന്നത്.

സുവനീര്‍ പ്രകാശനത്തിന് ശേഷം അസോസിയേഷനെ ഈ നിലയിലെത്തിച്ച ബ്രിസ്‌കയുടെ മുന്‍ ഭാരവാഹികളെ ആദരിച്ചു. ഭരിച്ചിരുന്ന സമയത്തെ മികച്ച പ്രകടനങ്ങളെ ചടങ്ങില്‍ എടുത്തുപറഞ്ഞ് പ്രശംസിച്ചു. മുന്‍ ഭാരവാഹികളെ കൈയ്യടിയോടെ പൊന്നാട അണിയിച്ച് തങ്ങളുടെ സ്‌നേഹവും നന്ദിയും ഓരോരുത്തരും അറിയിച്ചു. ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് ബ്രിസ്‌ക മ്യൂസിക് എന്നിവയുടെ സഹകരണത്തോടെയുള്ള മികച്ച പരിപാടികള്‍ വേദിയില്‍ അരങ്ങേറി. സ്‌നേഹ വിരുന്ന് ഒരുക്കിയിരുന്നു. ഡിന്നറിന് ശേഷം മെഗാ ഇവന്റ് നടത്തി.


ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ഇവന്റില്‍ സെലിബ്രേഷൻ യുകെയുടെ ഗാനമേള, മിമിക്‌സ് ഫ്യൂഷന്‍ മ്യൂസിക് എന്നിങ്ങനെ ആസ്വാദനത്തിന് പറ്റിയ ചേരുവകകള്‍ ചേര്‍ത്ത് വച്ചുള്ള മികച്ച ഇവന്റായിരുന്നു ഒരുക്കിയിരുന്നത്. സാംസണ്‍ സെല്‍വ, അജീഷ് കോട്ടയം (കുടിയന്‍ ബൈജു), അനൂപ് പാല, ഷൈക, ആരാഫത്ത് കടവില്‍, ജിനു പണിക്കർ എന്നീ പ്രതിഭകളുടെ മികച്ച പെര്‍ഫോമന്‍സാണ് വേദിയില്‍ ഒരുക്കിയിരുന്നത്. ഏവര്‍ക്കും ഒരു മികച്ച ദിവസം സമ്മാനിച്ചാണ് ബ്രിസ്‌കയുടെ മെഗാ ഇവന്റ് അവസാനിച്ചത്.