ജഗി ജോസഫ് 

ബ്രിസ്‌ക സര്‍ഗ്ഗോത്സവം സര്‍ഗ്ഗപ്രതിഭകളുടെ പോരാട്ടവേദിയായി മാറിയപ്പോള്‍ ആവേശവും, ആകാംക്ഷയും വാനോളം ഉയര്‍ന്നു. പങ്കെടുത്തവരെയും സംഘാടകരെയും ഒരു വള്ളംകളിയുടെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് സെന്ററില്‍ ബ്രിസ്‌ക സര്‍ഗ്ഗോത്സവം പ്രൗഢഗംഭീരമായി കൊണ്ടാടിയത്. രാവിലെ പത്തരയ്ക്ക് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ സര്‍ഗ്ഗോത്സവത്തിന് കൊടിയുയര്‍ന്നു.

ബ്രിസ്‌ക ഭാരവാഹികളും, എക്‌സിക്യൂട്ടിവ് അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനം പൂര്‍ത്തിയാക്കിയ ശേഷം വേദി മത്സരങ്ങളുടെ പോരാട്ടവീര്യത്തില്‍ ലയിച്ചു. കുട്ടികളുടെ പെയ്ന്റിങ് മത്സരമാണ് ആദ്യം ആരംഭിച്ചത്. ഇതിന് പിന്നാലെ വാശിയേറിയ മറ്റ് മത്സരങ്ങളുടെ പോരാട്ടച്ചൂടിലേക്കും വേദി ചുവടുമാറ്റി.

അഞ്ചു വിഭാഗങ്ങളായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം നാലര വരെ നീണ്ട മത്സരങ്ങള്‍ അതില്‍ പങ്കെടുത്തവരുടെ പ്രതിഭ വിളിച്ചോതുന്നതായി. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിവിധ ഗ്രൂപ്പുകളിലെ കലാപ്രതിഭയും, കലാതിലകവുമായി ഇവരെ തെരഞ്ഞെടുത്തു: ക്രിസ്റ്റല്‍ ജിനോയി,ഇമ്മാനുവല്‍ ലിജോ, ഒലീവിയ ചെറിയാന്‍, ലിയോ ടോം ജേക്കബ്, റിയ ജോര്‍ജ്, ഗോഡ് വിന്‍ സെബാസ്റ്റിയന്‍, റോസ്മി ജിജി തുടങ്ങിയവരാണ് വിവിധ ഏജ് ഗ്രൂപ്പില്‍ നിന്നും കലാപ്രതിഭയും കലാതിലകവുമായി കിരീടമണിഞ്ഞത്.

സമാപന സമ്മേളനത്തില്‍ വച്ച് ഈ വര്‍ഷം ദാമ്പത്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജോണി ലൗലി ദമ്പതികളെ ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ ആദരവറിയിച്ച് പൊന്നാട അണിയിച്ചു. പൊതു സമ്മേളനത്തില്‍ സമ്മാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികള്‍ക്കുള്ള  സമ്മാനങ്ങള്‍ നല്‍കി. ഇതിന് ശേഷം വേദി അതിമനോഹരമായ ഗാനമേളയുടെ താളങ്ങളില്‍ ലയിച്ചു. ബ്രിസ്‌റ്റോളിലെ കലാകാരന്മാരാണ് ഗാനമേളക്ക് നേതൃത്വം നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിസ്‌ക സര്‍ഗ്ഗോത്സവേദിയില്‍ കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഫുഡ് കൗണ്ടര്‍ സവിശേഷ അനുഭവമായി. സജീ മാത്യുവാണ് ഫുഡ് കൗണ്ടറിന് നേതൃത്വം നല്‍കിയത്. ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ആര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ ലോനപ്പന്‍, സന്ദീപ്, റെജി, വൈസ് പ്രസിഡന്റ് ബിജു പപ്പാരില്‍, ബ്രിസ്‌ക ട്രഷറര്‍ ബിജു, ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒരു പകല്‍ മുഴുവന്‍ ബ്രിസ്‌ക കലാകാരന്മാര്‍ മാറ്റുരച്ച സര്‍ഗ്ഗോത്സവം എട്ടുമണിയോടെ അവസാനിച്ചു.

പങ്കെടുക്കാനെത്തിയ പ്രതിഭകളാണ് ഈ പരിപാടിയെ വന്‍വിജയമാക്കിത്തീര്‍ത്തത്. പരിപാടി വിജയകരമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി നന്ദി രേഖപ്പെടുത്തി.