ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവർഷത്തിൽ പുകവലി എന്ന ദുശ്ശീലത്തിൽ നിന്ന് മോചനം നേടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ ഇത്തരക്കാർക്ക് സഹായകരമാകുന്ന ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ. പുകവലിയിൽ നിന്ന് വിമുക്തി നേടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ടെക്നോളജി അടിസ്ഥാനമായുള്ള ആദ്യത്തെ ഇടപെടലാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പൂർണ്ണമായും സ്മാർട്ട് വാച്ച്‌ അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് . അതായത് സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഇതിൻറെ പ്രയോജനം ലഭിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്. ഒരാൾ സിഗരറ്റ് പിടിക്കുമ്പോൾ സംഭവിക്കുന്ന കൈ ചലനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സെൻസർ ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ ഗവേഷകർ വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷൻ നിർമിക്കുന്നതിന് സഹായകരമായത്. സിഗരറ്റ് ഉപയോഗിക്കുമ്പോൾ സ്മാർട്ട് വാച്ചിന്റെ സിഗ്നൽ മുന്നറിയിപ്പ് നൽകും . ഇതിനോടൊപ്പം പുകവലി നിർത്താൻ പ്രേരിപ്പിക്കുന്ന വിദഗ്ധർ രൂപകൽപ്പന ചെയ്ത മെസ്സേജുകൾ സ്മാർട്ട് വാച്ചിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനോടൊപ്പം ഉപകരണം വൈബ്രേറ്റ് ചെയ്യുകയും ചെയ്യും . ഇതോടൊപ്പം ഒരാൾ എത്ര സിഗരറ്റ് വലിക്കും എന്നതിന്റെ കണക്കുകളും എത്ര എണ്ണം ഉപയോഗിച്ചെന്നും ഉപേക്ഷിച്ചെന്നും തുടങ്ങിയ കാര്യങ്ങളും സോഫ്റ്റ്‌വെയർ ശേഖരിച്ചിട്ടുണ്ട്. പുകവലിക്കുന്നവർക്ക് തങ്ങളെ കുറിച്ച് ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് ഈ വിവരങ്ങൾ എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ സമയത്തുള്ള ഇത്തരം ഇടപെടലുകൾ നിർണായകമാണെന്നാണ് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ പുകയില, മദ്യം ഗവേഷണ ഗ്രൂപ്പിന്റെ നേതൃത്വം വഹിക്കുന്ന ഡോ . ക്രിസ് സ്റ്റോൺ പറഞ്ഞു . പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇടയിൽ നടത്തിയ പഠനത്തിൽ 66 ശതമാനം ആളുകളും സ്മാർട്ട് വാച്ച് ഉപയോഗിച്ചുള്ള പുകവലി നിർത്താനുള്ള ആപ്ലിക്കേഷൻ പ്രയോജനപ്രദമാണെന്നാണ് അഭിപ്രായപ്പെട്ടത്. പങ്കെടുത്തവരിൽ 61 ശതമാനം പേരും ആപ്ലിക്കേഷനിലൂടെ തങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ പ്രസക്തമാണെന്ന് അഭിപ്രായപ്പെട്ടു. പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിന് സ്മാർട്ട് വാച്ചുകൾ ഉപയോഗപ്രദമായ ഒരു മാർഗമാണെന്ന് ഈ പഠനം കാണിക്കുന്നുവെന്നും എന്നാൽ അവ എത്രത്തോളം ഫലപ്രദമാണെന്ന് മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ് എന്നും ക്യാൻസർ റിസർച്ച് യുകെയിലെ പോളിസി മാനേജർ അലിസെ ഫ്രോഗൽ അഭിപ്രായപ്പെട്ടു.