കുടുംബങ്ങളുടെ അടിത്തറ ശക്തമാകുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണെന്നും അത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് ഒരുമിച്ച് ഒരു തീന്‍മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോളാണെന്നും പറയാറുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഈ രീതിക്ക് മാറ്റം വരികയാണത്രേ. ഒപ്പീനിയം എന്ന റിസര്‍ച്ച് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുടുംബങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ടിവി കാണാനാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കിച്ചന്‍ ടേബിളുകളെ മിനി സ്‌ക്രീന്‍ കീഴടക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ 57 ശതമാനം കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനായി ഒരുമിച്ച് ഇരിക്കുമായിരുന്നു. 9 ശതമാനം മാത്രമായിരുന്നു ഒരുമിച്ച് ടിവി കണ്ടിരുന്നത്.
ഇപ്പോള്‍ 48 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാറുള്ളത്. ടിവി കാണാന്‍ ഒരുമിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോഗിള്‍ബോക്‌സ് എന്ന റിയാലിറ്റി ഷോയിലെ കുടുംബങ്ങളെപ്പോലെയായി മാറിയിട്ടുണ്ട് ഇപ്പോള്‍ മിക്ക ബ്രിട്ടീഷ് കുടുംബങ്ങളെന്നാണ് പഠനം വിശദീകരിക്കുന്നത്. ടിവി പ്രോഗ്രാമുകള്‍ കാണുകയും അവയേപ്പറ്റി കമന്റുകള്‍ പറയുകയും ചെയ്യുന്ന ചാനല്‍ 4 റിയാലിറ്റി ഷോയാണ് ഗോഗിള്‍ബോക്‌സ്. എന്നാല്‍ ഇതിനെ അത്ര ഭീകരാവസ്ഥായി ചിത്രീകരിക്കേണ്ടതില്ലെന്നാണ് ലിയോണ്‍ റെസ്‌റ്റോറന്റ് ചെയിന്‍ ഉടമയും സ്‌കൂള്‍ ഭക്ഷണ പദ്ധതിയിലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളുമായ ജോണ്‍ വിന്‍സന്റ് പറയുന്നത്.
ഒരുമിച്ചിരുന്ന് ടിവി കാണുന്നതും ആശയവിനിമയങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇവിടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാറുള്ളതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ സാധിക്കുന്നതായി ലീഡ്‌സ് യൂണിവേഴ്‌സിറ്റി 2012ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
Leave a Reply