ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ അധിക തരംഗങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ പ്രതിരോധ മരുന്നുകളുമായി യുകെ സജ്ജമായി. 114 ദശലക്ഷം അധിക വാക്സിനുകളാണ് രാജ്യം വാങ്ങാൻ കരാറിലേർപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തേയ്ക്ക് ബൂസ്റ്റർ ഡോസ് നൽകാനായി ഇത്രയും വാക്സിനുകൾ മതിയാകുമെന്നാണ് കരുതപ്പെടുന്നത് . 2022 ലും 2023 ലും വിതരണം ചെയ്യുന്നതിനായി മോഡേണയുടെയും ഫൈസറിൻെറയും വാക്‌സിനുകൾക്കാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ കോവിഡിൻെറ വേരിയന്റായ ഒമൈക്രോണിൻെറ വ്യാപന ഭീതി നിൽക്കുന്നതാണ് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള കരാറിൽ പെട്ടെന്ന് ഒപ്പുവയ്ക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഒമൈക്രോണിനെയും അതുപോലെതന്നെ ഭാവിയിലുണ്ടാകുന്ന പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിന് ആവശ്യമെങ്കിൽ പരിഷ്കരിച്ച വാക്സിനുകൾ ലഭ്യമാക്കുന്നതിന് പുതിയ കരാറുകളിൽ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് ആവശ്യമായ പരസ്യപ്രചാരണങ്ങൾ ഉടൻതന്നെ എൻഎച്ച്എസ് ആരംഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. ലോകരാഷ്ട്രങ്ങളിൽ തന്നെ ആദ്യമായി ജനങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചത് യുകെ ആയിരുന്നു. കഴിഞ്ഞ വർഷം ബ്രിട്ടൻ ഫൈസർ വാക്സിൻ രാജ്യത്ത് വിതരണം നൽകുന്നതിനുള്ള അനുമതി നൽകിയതിൻെറ ഒന്നാം വാർഷികത്തിലാണ് വൈറസിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 114 ദശലക്ഷം അധികഡോസ് വാക്സിൻ ലഭ്യമാക്കുന്ന കരാർ സാധ്യമാക്കിയത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമായി വിലയിരുത്തപ്പെടുന്നു.