ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒമിക്രോൺ ബ്രിട്ടനിൽ ആഞ്ഞടിക്കുകയാണ്. പ്രതിദിന രോഗവ്യാപനവും മരണനിരക്കും കൂടുന്നത് കടുത്ത ആശങ്കയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി എട്ടാം തീയതി ബ്രിട്ടനിലെ കോവിഡ് മരണങ്ങൾ 1,50,000 കടന്നിരുന്നു . ഒന്നര ലക്ഷത്തിൽ കൂടുതൽ പേരുടെ ജീവൻ കോവിഡ് കവർന്നെടുത്ത ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ. ലോകരാജ്യങ്ങളിൽ 1,50,000 പേരിൽ കൂടുതൽ മഹാമാരി മൂലം മരണമടയുന്ന ഏഴാമത്തെ രാജ്യമാണ് യുകെ. യുഎസ്, ബ്രസീൽ, ഇന്ത്യ, റഷ്യ ,മെക്സിക്കോ എന്നീ രാജ്യങ്ങളാണ് യുകെയുടെ മുന്നിലുള്ളത് .

എന്നാൽ രോഗവ്യാപനത്തിൻെറ ഈ തീവ്രതയ്ക്ക് ഇടയിലും പ്രത്യാശയാകുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫ.ഡേവിഡ് ഹെയ്മാന്റ് വാക്കുകൾ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ കോവിഡ് മഹാമാരിയിൽ നിന്ന് ആദ്യം പുറത്തു കിടക്കുന്ന രാജ്യം ബ്രിട്ടൻ ആയിരിക്കും. ഇംഗ്ലണ്ടിൽ പ്രായപൂർത്തിയായ അഞ്ചിൽ നാലുപേരും ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. വാക്സിനുകളിൽ നിന്നുള്ള ഉള്ള ആൻറിബോഡി കൂടാതെ മുമ്പ് രോഗം ബാധിച്ചവരിൽ ഉള്ള ആൻറിബോഡികൾ കൂടി കണക്കിലെടുക്കുമ്പോൾ 95% ബ്രിട്ടീഷുകാർക്കും ഇപ്പോൾ പ്രതിരോധശേഷി ആർജ്ജിച്ചു കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിൽ യുകെ എന്നും മുൻപന്തിയിലായിരുന്നു.

രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നതിൻെറ സൂചനകൾ കിട്ടി തുടങ്ങി. ഇന്നലെ രജിസ്റ്റർ ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 120,821 ആയിരുന്നു. എന്നാൽ മരണനിരക്ക് കൂടുതലായത് ആശങ്ക ഉളവാക്കുന്നുണ്ട്. 379 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണമടഞ്ഞത് . യുകെയിൽ 7.5 ദശലക്ഷം ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുണ്ട് . 1.5 ദശലക്ഷം ആളുകൾ 1 ഡോസ് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അടുത്ത 6 മുതൽ 8 ആഴ്ച വരെയുള്ള സമയപരുധിയിൽ യൂറോപ്പിലെ പകുതിയിലധികം ജനങ്ങൾക്ക് ഒമിക്രോൺ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
	
		

      
      



              
              
              




            
Leave a Reply