ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടൻ ഇന്നുമുതൽ പ്രതിരോധകുത്തിവെയ്പ്പിൻറെ പുതിയ ഘട്ടത്തിലേയ്ക്ക് ചുവട് വച്ചു. മുൻഗണനാക്രമത്തിൽപ്പെട്ട നാല് ഗ്രൂപ്പുകൾക്കായിരുന്നു ഇതുവരെ വാക്സിൻ നൽകിയിരുന്നത്. എന്നാൽ ഇന്ന് മുതൽ 65 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങി. രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങിയിട്ട് 69 ദിവസങ്ങൾ പിന്നിടുമ്പോൾ വാക്സിനേഷൻ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നത് നിർണ്ണായക ചുവടുവെയ്പ്പായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
രാജ്യത്ത് ഇതുവരെ 15 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലിൽ അവസാനത്തിന് മുമ്പ് 50 -വയസിന് മുകളിലുള്ളവർക്കും കൂടി പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇത് ഏകദേശം 17.2 ദശലക്ഷം ആളുകൾ വരും. നിലവിൽ 70 വയസിന് മുകളിൽ 90% പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
അതേസമയം രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഇന്ന് മുതൽ നിലവിൽ വന്നു. ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ രാജ്യത്ത് വ്യാപിക്കുന്നതിനെ ചെറുക്കാനുള്ള മുൻകരുതലായിട്ടാണ് ഹോട്ടൽ ക്വാറന്റൈൻ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗൽ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 33 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്നവർ ഹോട്ടലുകളിൽ പത്ത് ദിവസം ക്വാറന്റൈൻ ചെലവഴിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഹോട്ടലിൻെറ ചിലവ്, ഗതാഗതം, പരിശോധന എന്നിവ ഉൾപ്പെടെ ഹോട്ടൽ ക്വാറന്റൈന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചിലവ് 1750 പൗണ്ടാണ്.
Leave a Reply