ബ്രെക്‌സിറ്റ് ബ്രിട്ടനെ ലോക സാമ്പത്തിക ശക്തികളിലെ മുന്‍നിരയില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് വിദഗ്ദ്ധര്‍. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഏഴാം സ്ഥാനത്തേക്ക് താഴുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഫ്രാന്‍സും ഇന്ത്യയും ബ്രിട്ടനെ മറികടന്ന് സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് കുതിക്കുമെന്നും പ്രവചനം പറയുന്നു. അടുത്ത വര്‍ഷം തന്നെ ഈ സ്ഥിതിവിശേഷം ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കാതിരുന്നാല്‍ 2019ല്‍ 1.6 ശതമാനം വളര്‍ച്ചയാണ് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രവചിക്കുന്നത്. അതേസമയം ഫ്രാന്‍സിന് 1.7 ശതമാനവും ഇന്ത്യക്ക് 7.6 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത വര്‍ഷത്തോടെ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്.
ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടരും. 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും സാമ്പത്തിക മേഖല മന്ദഗതിയിലായതുമാണ് ഈ പിന്നാക്കം പോകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമേഖലയില്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു ഇതുവരെ മത്സരം നിലനിന്നിരുന്നത്. എന്നാല്‍ 2018ല്‍ വളര്‍ച്ച കുറഞ്ഞതും ഇതേ അവസ്ഥ 2019ലും തുടരാന്‍ സാധ്യതയുള്ളതിനാലും ഇനി ഫ്രാന്‍സിനായിരിക്കും മേല്‍ക്കൈയുണ്ടാകുകയെന്ന് പിഡബ്ല്യുസി ഇക്കണോമിസ്റ്റ് മൈക്ക് ജെയ്ക്ക്മാന്‍ പറഞ്ഞു. ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി. ഇത്രയേറെ ജനസംഖ്യയുണ്ടായിട്ടും പ്രതിശീര്‍ഷ ഇനിഷ്യല്‍ ജിഡിപി നിരക്ക് കുറവായിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
വരുന്ന ദശകങ്ങൡ ആഗോള ജിഡിപി പട്ടികയില്‍ ഇന്ത്യക്ക് വളര്‍ച്ച തന്നെയായിരിക്കും ഉണ്ടാകുകയെന്നും വിലയിരുത്തലുണ്ട്. ദേശീയ സാമ്പത്തിക വ്യവസ്ഥകളെ അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെയാണ് സമ്പദ് വ്യവസ്ഥ പിന്നോട്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്നത്.
Leave a Reply