ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ മൂന്ന് പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് സാമ്പത്തിക നിയന്ത്രണങ്ങളിൽ വരുത്തുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചില ബാങ്കുകൾ തകർച്ച നേരിട്ടപ്പോൾ നിലവിൽ വന്ന ബാങ്കുകളുടെ നിയമങ്ങളിൽ പുതിയ തീരുമാനങ്ങൾ കൂടുതൽ ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കും ശക്തികൾക്കും അനുസൃതമായി നിയമങ്ങൾ ക്രമീകരിക്കാനുള്ള ബ്രെക്‌സിറ്റിനു ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ഉദാഹരണമായി പുതിയ മാറ്റങ്ങളെ സർക്കാർ അവതരിപ്പിക്കും. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഉൾക്കൊണ്ട മാറ്റങ്ങൾ മറക്കുന്നതിന് തുല്യമാകും ഇത്തരത്തിലുള്ള പുതിയ നിയമങ്ങളെന്ന് വിമർശകർ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ റിസ്‌ക് ഇൻവെസ്റ്റ്‌മെന്റ് പ്രവർത്തനങ്ങളിൽ നിന്ന് റീട്ടെയിൽ ലെൻഡിംഗ് വിഭാഗത്തെ നിയമപരമായി വേർപെടുത്താൻ ബാങ്കുകളെ നിർബന്ധിക്കുന്ന നിയമങ്ങൾ, സീനിയർ ഫിനാൻസ് എക്‌സിക്യൂട്ടീവുകളുടെ നിയമനം, നിരീക്ഷണം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവയിലെല്ലാം തന്നെ പുനർ വിചിന്തനം ഉണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാങ്കർമാരുടെ ബോണസിന്റെ പരിധി നിർത്തലാക്കുമെന്നും നിക്ഷേപം വർധിപ്പിക്കുന്നതിനായി ദീർഘകാല അസറ്റുകളായ ഹൗസിങ്, വിൻഡ്‌ഫാം പോലുള്ളവയിൽ ഇൻഷുറൻസ് കമ്പനികളെ നിക്ഷേപിക്കാൻ അനുവദിക്കുമെന്നും സർക്കാർ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലധികം റെഗുലേറ്ററി പരിഷ്കാരങ്ങളുടെ പാക്കേജ് പ്രഖ്യാപിക്കാനിരിക്കുന്ന ചാൻസലർ ജെറമി ഹണ്ട്, മാറ്റങ്ങൾ ബ്രിട്ടീഷ് ജനതയ്ക്ക് ജോലിയും അവസരങ്ങളും നൽകുന്നതിന് സമ്പദ്‌വ്യവസ്ഥയിലുടനീളം കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മാറ്റം ബ്രിട്ടന്റെ റെഗുലേറ്ററി നിയമങ്ങളെ പുനർരൂപകൽപ്പന ചെയ്യുന്നതിനും അതോടൊപ്പം തന്നെ ശക്തമായ സാമ്പത്തിക സേവന മേഖലയുടെ മുഴുവൻ സാധ്യതകൾ കണ്ടെത്തുന്നതിനും ഒരു സുവർണ്ണാവസരം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനങ്ങളുടെ മേധാവികളുമായി ചാൻസലർ ഹണ്ട് വെള്ളിയാഴ്ച എഡിൻബർഗിൽ കൂടിക്കാഴ്ച നടത്തും.

2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, യുകെ ബാങ്കിംഗ് സംവിധാനത്തെ പുനരുദ്ധരിക്കുന്നതിനായി ഗവൺമെന്റിന് കോടിക്കണക്കിന് പണം ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിൽ, മുതിർന്ന റിസ്ക്-ടേക്കിംഗ് സ്റ്റാഫുകളുടെ വ്യക്തിഗത ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിന് ഒരു പുതിയ നിയമസംവിധാനം നിലവിൽ വന്നിരുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, വലിയ ബാങ്കുകൾ തങ്ങളുടെ ആഭ്യന്തര ബാങ്കിംഗ് പ്രവർത്തനങ്ങളെ (മോർട്ട്ഗേജുകൾ, ലോണുകൾ മുതലായവ) കൂടുതൽ അപകടങ്ങൾ നിറഞ്ഞ നിക്ഷേപ ബാങ്കിംഗ് പ്രവർത്തനങ്ങളിൽ നിന്ന് (വിപണിയിലെ നിക്ഷേപം) വേർതിരിക്കുവാൻ നിർബന്ധിതരായിരുന്നു. പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.