അലര്‍ജി രോഗങ്ങളുടെ ചികിത്സയ്ക്ക് അത്യാവശ്യമായ എപിപെന്നുകള്‍ യുകെയിലെ ആശുപത്രികളില്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. എപിപെന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഉത്പാദനം നിലച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇവ ലഭ്യമാകാതെ വന്നാല്‍ അലര്‍ജി രോഗം മൂലം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ വരെ അപകടത്തിലായേക്കും. എപിപെന്നുകളുടെ ലഭ്യത ഇല്ലാതായത് സംബന്ധിച്ചതിനോട് പ്രതികരിക്കാന്‍ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. ഉപകരണം നിര്‍മ്മിക്കുന്ന അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ എന്ന കമ്പനി തങ്ങളുടെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയോടെ സ്റ്റോക്ക് ഉണ്ടായിരുന്ന എപിപെന്‍സ് മുഴുവനായും തീര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി പ്രതിനിധി വ്യക്തമാക്കി. യുകെയില്‍ ഈ ഉപകരണം നിര്‍മ്മിക്കുന്ന ഏക കമ്പനിയാണ് അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍. പുതിയ പ്രതിസന്ധി ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും.

ഈ മെഡിക്കല്‍ ഡിവൈസിന് ലോകത്താത്തന്നെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നിര്‍മ്മാണ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലന്‍ എന്ന കമ്പനിയും എപിപെന്‍ നിര്‍മ്മിക്കുന്നുണ്ട്. ഉപകരണത്തിന്റെ ലഭ്യത ഇല്ലാതാവുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ 0.3 ഡോസ് അഡ്രിനാലിന്‍ അടങ്ങിയ എപിപെന്നുകള്‍ നല്‍കാമെന്ന് മൈലന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്റ്റോക്ക് തീര്‍ന്നതോടെ യുകെയിലെ പാരാമെഡിക്കുകള്‍ രോഗികള്‍ക്ക് എപിപെന്നുകള്‍ ആവശ്യമായ ചികിത്സകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കമ്പനികള്‍ മാര്‍ക്കറ്റിലെ ഡിമാന്റിന് അനുസരിച്ച് ഉപകരണം നിര്‍മ്മിച്ചിരുന്നില്ല. സ്റ്റോക്കില്‍ കുറവ് വരാന്‍ തുടങ്ങിയതിന് ശേഷം കമ്പനി റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും വൈകാതെ തന്നെ അതും നിലയ്ക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റോക്ക് തീര്‍ന്നതോടെ എല്ലാ ഉപഭോക്താക്കളെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിരുന്നു. ആവശ്യാനുസരണം ഉപകരണം സപ്ലൈ ചെയ്യാന്‍ കഴിയില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്നും ദി അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ വക്താവ് പറയുന്നു. പുതിയ പ്രതിസന്ധി എപ്പോള്‍ അവസാനിക്കുമെന്നത് സംബന്ധിച്ച് കമ്പനിക്ക് ഈ സമയത്ത് ഉറപ്പ് ന്ല്‍കാന്‍ കഴിയില്ല. ദീര്‍ഘകാലം പ്രതിസന്ധി തുടര്‍ന്നേക്കുമെന്നാണ് കരുതുന്നതെന്നും അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ അറിയിച്ചു. സമീപകാലത്ത് രാജ്യത്തെ അലര്‍ജി രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിസന്ധി ഇവരെ പ്രതികൂലമായി ബാധിക്കും.