സ്വയംസംരംഭകർക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഒരു ശതമാനം നാഷണൽ ഇൻഷുറൻസ് നികുതി വർധന സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാർട്ടിയിൽനിന്നുതന്നെ ശക്തമായ എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിനാളുകളെ നേരിട്ടു ബാധിക്കുന്ന നികുതി വർധന വേണ്ടെന്നു വയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്ത് ഏജൻസി ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാരെയും ടാക്സി സർവീസ് നടത്തിയിരുന്നവരെയുമുൾപ്പെടെ നിരവധിപേരെ ബാധിക്കുന്ന നികുതി നിർദേശമായിരുന്നു സർക്കാരിന്റേത്.
അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തേക്ക് നാഷണൽ ഇൻഷുറൻസും ആദായ നികുതിയും മൂല്യവർധിത നികുതിയും (വാറ്റ്) വർധിപ്പിക്കില്ലെന്നായിരുന്നു കൺസർവേറ്റീവ് പാർട്ടി പ്രകടന പത്രികയിൽ നൽകിയിരുന്ന വാഗ്ദാനം. ഇതു മറികടന്ന് ബജറ്റിൽ നാഷണൽ ഇൻഷുറൻസ് വർധിപ്പിച്ചത് വാഗ്ദാനലംഘനമാണെന്ന് പ്രതിപക്ഷവും ഭരണകക്ഷിയിലെ നല്ലൊരു ശതമാനം എംപിമാരും വിമർശനമുന്നയിച്ചിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് സർക്കാരിന്റെ പുതിയ തീരുമാനം. വാഗ്ദാനങ്ങൾ അതിന്റെ എല്ലാ അർഥത്തിലും പാലിക്കാൻ സർക്കാരും പ്രധാനമന്ത്രിയും ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി നിർദേശം പിൻവലിക്കുന്നതായി ധനകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയിൽനിന്നും പൊതു സമൂഹത്തിൽനിന്നും ഉയർന്ന വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സർക്കാരിന്റെ പ്രവർത്തനം അച്ചടക്കമില്ലാതെയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശരിയായ പഠനങ്ങൾ നടത്താതെയുള്ള നികുതി വർധനയും പിൻവലിക്കലുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനങ്ങളിൽ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന നടപടികളാണ് സർക്കാർ ബജറ്റിൽപോലും കൈക്കൊള്ളുന്നതെന്നും അവർ ആരോപിച്ചു. പ്രതിവർഷം 250 മുതൽ 500 പൗണ്ട് വരെ അധികം നികുതി നൽകേണ്ടവിധമാണ് സ്വയം തൊഴിലുകാരുടെ നാഷണൽ ഇൻഷുറൻസ് വിഹിതത്തിൽ അടുത്തവർഷം മുതൽ സർക്കാർ ഒരു ശതമാനം വർധന പ്രഖ്യാപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിലുള്ള ഒന്‍പത് ശതമാനത്തിൽനിന്നും പത്തായാണ് നാഷണൽ ഇൻഷുറൻസ് ടാക്സ് വർധിപ്പിച്ചത്. 2018 മുതൽ ഇതു പ്രാബല്യത്തിലാക്കാനായിരുന്നു തീരുമാനം. 2019ൽ 11 ശതമാനമായും ഉയർത്താൻ പദ്ധതിയിട്ടിരുന്നു. സാധാരണ ജോലിക്കാരുടെ നാഷണൽ ഇൻഷുറൻസ് ടാക്സ് ഇപ്പോൾ 43,000 പൗണ്ട് വരെ 12 ശതമാനമാണ്. ജോലിക്കാരും സ്വയംസംരംഭകരും തമ്മിലുള്ള ഈ അന്തരം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് ധനകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ടിന്റെ വിശദീകരിച്ചിരുന്നത്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ഞെരുക്കം മുന്നിൽ കണ്ടുള്ള നടപടിയായും ഇതിനെ വിലയിരുത്തിയിരുന്നു. വർഷംതോറും 650 മില്യൺ പൗണ്ടിന്റെ അധികവരുമാനമാണ് സർക്കാർ ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടത്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ പുതിയ പരിഷ്കാരങ്ങൾക്ക് ഈ പണം ഉപയോഗിക്കാനായിരുന്നു പദ്ധതി.

ബ്രിട്ടനിലാകെ അമ്പതു ലക്ഷത്തിലേറെയാളുകളെയും ഇംഗ്ലണ്ടിൽ മാത്രം ഇരുപതു ലക്ഷത്തോളം പേരെയും ഈ നികുതി വർധന നേരിട്ടു ബാധിക്കുമായിരുന്നു. ലണ്ടൻ നഗരത്തിൽ മാത്രം എട്ടര ലക്ഷത്തിലേറെ ആളുകൾ സ്വയംസംരംഭകരായുണ്ട്. നഗരത്തിലെ ആകെ ജനസംഖ്യയുടെ 19 ശതമാനമാണിത്. തെക്കു കിഴക്കൻ ഇംഗ്ലണ്ടിൽ ഏഴുലക്ഷത്തിൽ അധികംപേരും വടക്കു കിഴക്കൻ ഇംഗ്ലണ്ടിൽ ഒന്നര ലക്ഷത്തോളം പേരും സ്വയംതൊഴിൽ സംരംഭകരായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.രാജ്യത്ത് ഏറ്റവും അധികം സ്വയംതൊഴിൽ സംരംഭകർ റജിസ്റ്റർ ചെയ്തിട്ടുള്ളത് ലണ്ടൻ നഗരത്തിലെ വെസ്റ്റ്ഹാമിലാണ്. 21,600 പേരാണ് ഇവിടെ സ്വയംതൊഴിലുകാരായുള്ളത്. ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. വീട്ടിലിരുന്നു ജോലിചെയ്യുന്ന സ്ത്രീകളും ടാക്സി ഡ്രൈവർമാരുമാണ് ഇത്തരത്തിൽ സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ ഏറെയും.