ലണ്ടനില്‍ ബ്രീട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. പാര്‍ലമെന്‍റ് നടപടികള്‍ പുരോഗമിക്കുമ്പോഴാണ് സംഭവം. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഹൌസ് ഓഫ് കോമണ്‍സ് താല്‍കാലികമായി അടച്ചു. എംപിമാരോട് പാര്‍ലമെന്‍റ് മന്ദിരത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപത്തു നിന്നു വെടിയൊച്ച കേട്ടതായും രണ്ടു പേര്‍ മുറിവേറ്റ് വീഴുന്നതും കണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രധാന മന്ത്രി തരേസ മെയ് സുരക്ഷിതയാണെന്ന് ആക്രമണത്തിനു ശേഷം ഔദ്യോഗിക വക്താവ് അറിയിച്ചു.
യൂറോപ്പില്‍ വീണ്ടും ഭീകരാക്രമണ ഭീതിയുണര്‍ത്തി ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ വെടിവയ്പ്. മധ്യ ലണ്ടനിലെ പാര്‍ലമെന്റ് ഹൗസിനു പുറത്താണ് വെടിവയ്പുണ്ടായതെന്നാണ് വിവരം. പാര്‍ലമെന്റിനകത്തുള്ളവരോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ആയുധധാരിയായ ഒരാളെ പാര്‍ലമെന്റ് കെട്ടിടത്തിനു പുറത്ത് കണ്ടതായി ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റതായാണ് വിവരം.

പാര്‍ലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണം ഉണ്ടായത്. അതേസമയം, വെടിവയ്പ് ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഒരു കാര്‍ ഇടിച്ചുകയറിയതായും വിവരമുണ്ട്. ലണ്ടന്‍ പൂര്‍ണമായും വന്‍ സുരക്ഷാ വലയത്തിലാണ്.

തത്സമയ ദൃശ്യങ്ങള്‍ താഴെയുള്ള വീഡിയോ ലിങ്കില്‍ കാണാം