ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ -31നകം രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും ഒരു ഡോസ് പ്രതിരോധകുത്തിവെയ്പ്പ് എങ്കിലും നൽകാനൊരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം നാളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കാനിരിക്കുന്ന രൂപരേഖയുടെ ഭാഗമായി ഈ നിർണ്ണായക തീരുമാനവും ഉൾപ്പെടും എന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശരത് കാലത്തോടെ 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ബോറിസ് ജോൺസൻെറ പുതിയ പ്രഖ്യാപനം കൂടുതൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കാൻ ഉതകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എല്ലാ വിദ്യാർഥികളും മാർച്ച് എട്ടിന് സ്കൂളുകളിൽ തിരിച്ചെത്തുമെന്നും കെയർഹോം നിവാസികൾക്ക് ദിനംപ്രതി ഒരു സന്ദർശകരെ അനുവദിക്കുമെന്നുമുള്ള ലോക്ക്ഡൗൺ ഇളവുകൾ കഴിഞ്ഞദിവസങ്ങളിൽ ഗവൺമെൻറ് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 17 ദശലക്ഷം പേർക്കാണ് പ്രതിരോധകുത്തിവെയ്പ്പ് നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 445 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 120,365 പേരാണ് പുതിയതായി രോഗബാധിതരായത്.
Leave a Reply