സമീപകാലത്തെ റെക്കോര്‍ഡ് താപനിലയുമായി എത്തിയ മെയിലെ ഹോളിഡെ ദിവസം ആഘോഷിച്ച് ബ്രിട്ടീഷ് ജനത. പാര്‍ക്കുകളിലും ബീച്ചുകളില്‍ വന്‍ ജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കുടുംബത്തോടൊപ്പം വിവിധ പ്രദേശങ്ങളിലേക്ക് അവധി ദിനം ആഘോഷിക്കാനെത്തുന്നവരുടെ തിരക്ക് കാരണം പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. ചില മോട്ടോര്‍വേകളില്‍ ഒരു മണിക്കൂറിലധികം വാഹനങ്ങള്‍ കുടുങ്ങി കിടന്നു. ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് പലരും പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. മെയിലെ ഹോളിഡെ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റെക്കോര്‍ഡ് താപനിലയാണെന്ന് മെറ്റ് ഓഫീസ് രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ 11 മണിക്ക് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 24.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇതിന് മുന്‍പുള്ള മെയ് ഹോളിഡെ റെക്കോര്‍ഡ് താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1999ലാണ്. അന്ന് 23 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
മെയുടെ പ്രാരംഭത്തില്‍ തന്നെ റെക്കോര്‍ഡ് താപനിലയാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഗ്രെഗ് ഡ്യുഹേഴ്സ്റ്റ് വ്യക്തമാക്കി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസാണെന്നും അദ്ദേഹം പറഞ്ഞു. ഹവായ്, സിഡ്‌നി, ലോസ് ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലേതിന് സമാനമായ താപനിലയാണ് ബ്രിട്ടനിലെ പലയിടങ്ങളിലും ഈ വീക്കെന്‍ഡില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ ബ്രിട്ടനില്‍ അനുഭവപ്പെട്ടിരുന്നു. കൂടുതല്‍ ചൂടേറിയ ദിനങ്ങള്‍ വരുന്നതോടെ ഹോളിഡെ ആഘോഷങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നു. അതിശൈത്യത്തിന്റെ പിടിമാറി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കാലാവസ്ഥ പരമാവധി ഉപയോഗപ്രദമാക്കാനാവും ആളുകള്‍ ശ്രമിക്കുക.
തെളിച്ചമുള്ള കൂടുതല്‍ ദിനങ്ങള്‍ ലഭിക്കുന്നതോടെ ബീച്ചുകളിലും പാര്‍ക്കുകളിലം അവധിയാഘോഷിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അതേസമയം പോളന്‍ അലര്‍ജിയുള്ളവര്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ പോളനുകളുടെ അളവ് വളരെ കൂടുതലാണെന്നും അലര്‍ജിയുള്ളവരില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സമ്മര്‍ സെയില്‍സില്‍ കാര്യമായ വര്‍ദ്ധനവുണ്ടായതായി സെയിന്‍സ്‌ബെറീസ് അറിയിച്ചു. സണ്‍സ്‌ക്രീം, ഐസ്‌ക്രീം, മദ്യം തുടങ്ങിയവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു.
Leave a Reply