ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ വാക്സിനേഷൻ പ്രോഗ്രാമുകളെ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാനായി മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന കോവിഡ് വേരിയന്റുകളെ പ്രതിരോധിക്കാൻ കൂടുതൽ കർശനമായ നീക്കങ്ങളുമായി ബോറിസ് ജോൺസൺ. ഈ ആഴ്ച മുതൽ യുകെയിൽ എത്തുന്നവർ രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യണം. വീട്ടിലോ ഹോട്ടലുകളിലോ ക്വാറന്റൈൻ പൂർത്തിയാക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. പുതുതായി രാജ്യത്തേക്ക് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെ ടെസ്റ്റ് റിസൾട്ട് ഹാജരാക്കണമെന്ന് നിർബന്ധമാണ്.

പുറത്തു നിന്നെത്തുന്ന മറ്റ് വൈറസ് വേരിയന്റുകൾ വാക്സിനേഷൻ പ്രോഗ്രാമിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് നിയമങ്ങൾ കർശനമാക്കുന്നത്. വരുന്ന ശിശിരത്തിൽ മാറ്റം സംഭവിച്ച വൈറസുകളെ കൂടി പ്രതിരോധിക്കാൻ പാകത്തിൽ ആയിരിക്കും മൂന്നാംഘട്ട ബൂസ്റ്റർ ജാബ് എന്ന് മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്കൻ വേരിയന്റാണ് ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക ഇമ്മ്യൂണൈസേഷനുകളെ പ്രതിരോധത്തിലാക്കി കൊണ്ട് യുകെയിൽ ഇപ്പോൾ കൂടുതൽ അപകടം വിതക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എഴുപത് വയസ്സിന് മുകളിലുള്ള 90% പേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ 157 ഓളം പേർക്ക് മാത്രമാണ് ആഫ്രിക്കൻ വേരിയന്റുകൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ പറഞ്ഞു.

രാജ്യം ആരോഗ്യത്തിൻെറ വഴിയിലേക്ക് മടങ്ങിവരാൻ മുടക്കുന്നത് വലിയ വിലയാണ്, യാത്രക്കാരുടെ അസൗകര്യമാണ് അതിലെ പ്രഥമവും പ്രധാനവുമായത്. അതിനാൽ തന്നെ വൈറസിനോട് ഒളിച്ചുകളി നടത്താൻ ആവില്ലെന്നും, അപകടം വരുത്താതിരിക്കാൻ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.