അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിൻെറ പുതിയ വകഭേദം ബ്രിട്ടനെ വളരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വൈറസ് വ്യാപന ഭീതിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ യുകെയുമായുള്ള ഗതാഗതമാർഗങ്ങൾ അടച്ചു കഴിഞ്ഞു . ഫ്രാൻസിൽ നിന്നുള്ള ചരക്ക് നീക്കങ്ങളും നിലച്ചിരിക്കുകയാണ്. ഇതു കൂടാതെ യാത്രാവിലക്ക് ഡിസംബർ 31ന് ശേഷവും തുടരുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാഹചര്യത്തിൽ ക്രിസ്മസ് കാലത്തെ ഭക്ഷ്യക്ഷാമം ഒഴിവാക്കാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര ചർച്ചകൾ ആരംഭിച്ചു . ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നുപോകും എന്ന ആശങ്കക്കിടയിലാണ് മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി അടിയന്തര യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകുന്നത്. യാത്രാവിലക്ക് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യത്തിന് മാത്രമല്ല കോവിഡ് വാക്സിൻെറ വിതരണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.കെ ഭരണകൂടം. യാത്രാവിലക്കിനെ തുടർന്ന് ഇന്നലെ പൗണ്ടിൻെറ വില കുത്തനെ ഇടിഞ്ഞിരുന്നു. രണ്ട് ദിവസത്തേക്കാൾ കൂടുതൽ ചരക്കുനീക്കം നിലച്ചാൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ചർച്ചകൾ ഉന്നതതലത്തിൽ പുരോഗമിക്കുകയാണ് . ഇതിനോടനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകളിൽ എത്രത്തോളം ഭക്ഷ്യ വസ്തുക്കൾ ഉണ്ട് എന്നതിൻെറ കണക്കുകൾ ഗവൺമെന്റിൻെറ ഭാഗത്ത് നിന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശ്യമെങ്കിൽ ഫൈസർ വാക്‌സിനുകൾ ബെൽജിയത്തിൽ നിന്ന് സൈനിക വിമാനത്തിൽ കൊണ്ടുവരാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്.

 

നവംബറിൽ ആരംഭിച്ച് ഡിസംബർ 2 -ന് അവസാനിച്ച ലോക്ക്ഡൗണോടെ വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താം എന്നായിരുന്നു ഗവൺമെന്റിൻെറയും ആരോഗ്യ വിദഗ്ധരുടെയും പ്രത്യാശ. അതിൻറെ അടിസ്ഥാനത്തിലാണ് ഗവൺമെൻറ് 5 ദിവസത്തെ ക്രിസ്മസ് കാല ഇളവുകളുമായി മുന്നോട്ടു പോയത്. എന്നാൽ യുകെയിലെ സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൻെറ പുതിയ വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകരവുമാണെന്ന വെളിപ്പെടുത്തലുകൾക്ക് പുറമെ പലസ്ഥലങ്ങളിലും ടയർ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെൻറ് നിർബന്ധമാക്കപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. യാത്രാവിലക്കിനെ തുടർന്ന് ലണ്ടനിൽ നിന്ന് എയർഇന്ത്യയുടെ സർവീസ് ഉപയോഗിച്ച് നാട്ടിൽ പോകാനുള്ള പരിമിതമായ അവസരങ്ങൾ നഷ്ടപ്പെട്ട ആശങ്കയിലാണ് പ്രവാസി മലയാളികൾ.