ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളികൾ ഉൾപ്പെടെയുള്ള 50 ഓളം ഇന്ത്യൻ വിദ്യാർഥികളെ മതിയായ വേതനവും അടിസ്ഥാന സൗകര്യങ്ങളും നൽകാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തു. യുകെ മലയാളികൾക്ക് ആകെ നാണക്കേടും അപമാനകരവുമായ സംഭവം അരങ്ങേറിയത് നോർത്ത് വെയിൽസിലാണ്. മലയാളികളായ മാത്യു ഐസക് (32 ), ജിനു ചെറിയാൻ (25), എൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത് .
മാത്യു ഐസക്കും ജിനു ചെറിയാനും നേതൃത്വം കൊടുക്കുന്ന അലക്സ കെയർ എന്ന് റിക്രൂട്ടിംഗ് ഏജൻസി വഴി മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർത്ഥികളെ യുകെയിൽ എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൂഷണത്തിന് ഇരയായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സഹായവും കൗൺസിലിങ്ങുമായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഭവത്തിൽ ഇടപെട്ടുകൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
പല ഏജൻസികളും നടത്തുന്ന കൊടും ക്രൂരതകളിലേയ്ക്കും മനുഷ്യത്വമില്ലാത്ത പ്രവർത്തനരീതികളിലേയ്ക്കും വെളിച്ചം വീശുന്നതാണ് വിദ്യാർഥികളെ ചൂഷണം ചെയ്ത് അടിമപ്പണിയുടെ പേരിൽ നടന്ന അറസ്റ്റ് . ഒരു രൂപ പോലും മുടക്കില്ലാതെ വിസയ്ക്ക് പത്തും പന്ത്രണ്ടും ലക്ഷം രൂപ വാങ്ങിയാണ് മലയാളികളെ ഈ അടിമപ്പണിക്കായി യുകെയിൽ എത്തിക്കുന്നത്. കേരളത്തിലെ ജീവിതാവസ്ഥകളിൽ നിന്നും ഒരു മോചനത്തിനായി പലരും ഭൂമി വിറ്റും സ്വർണ്ണം പണയപ്പെടുത്തിയുമാണ് യുകെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇത്തരത്തിലുള്ള ആൾക്കാരെ അതിക്രൂരമായി ചൂഷണം ചെയ്യുന്ന രീതിയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഏജന്റുമാർ പിൻതുടരുന്നത്. യുകെയിൽ എത്തിക്കഴിയുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിലും പലപ്പോഴും കിടക്കാൻ ഒരു സ്ഥലവും പോലുമില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തിലുള്ളവർ ജീവിക്കേണ്ടതായി വരുന്നത്.
പല ഏജൻസികളും സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളെ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിലാണ് ചൂഷണം ചെയ്യുന്നത്. പലരും സ്റ്റുഡൻറ് വിസയിൽ വരുന്ന വിദ്യാർത്ഥികളെ ജോലി ചെയ്യാമെന്ന വാഗ്ദാനം നൽകി ഒരാഴ്ചയോളം വേതനമില്ലാതെ ട്രെയിനിങ് എന്ന പേരിൽ ചൂഷണത്തിന് വിധേയമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള പല വിദ്യാർത്ഥികളെയും പിന്നീട് ഷിഫ്റ്റ് കൊടുക്കാതിരിക്കുന്ന നീചമായ കൗശലവും പല മലയാളി ഏജൻസികളും പിന്തുടരുന്ന പ്രവണതയുമുണ്ട്.
അടുത്തകാലത്ത് ഒരു മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ ഇടയായത് ഇത്തരത്തിലുള്ള ഏജൻസികളുടെ ചൂഷണത്തിന്റെയും ക്രൂരതകളുടെയും ഉത്തമോദാഹരണമാണ്. സ്റ്റുഡൻറ് വിസയിൽ എത്തി കെയർ ഹോമിൽ ജോലി ലഭിച്ച മലയാളി വിദ്യാർത്ഥിയെ വീണ്ടും ചൂഷണം ചെയ്യാനുള്ള ഏജന്റിന്റെ ശ്രമങ്ങളാണ് ആ ചെറുപ്പക്കാരന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് അറിയാൻ സാധിച്ചത്. പല ഏജൻസികളും ചോര കുടിച്ച് തടിച്ചു കൊഴുക്കുന്നത് വിദ്യാർത്ഥികളെ ട്രെയിനിങ്ങിന് എന്ന പേരിൽ ചൂഷണം ചെയ്ത് അവർക്ക് വേതന നൽകാതെയാണ്. ഇത്തരത്തിൽ ലക്ഷക്കണക്കിന് പൗണ്ട് ആണ് പല നേഴ്സിംഗ് ഏജൻസികളും അന്യായമായി സമ്പാദിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നേഴ്സിംഗ് ഏജൻസികൾ മലയാളി സംഘടനകൾക്കും സാമൂഹിക നേതാക്കൾക്കും മതസംഘടനകൾക്കും സംഭാവനകൾ വാരി കോരി കൊടുക്കുന്നതുകൊണ്ട് ആരും ഇവർക്കെതിരെ ശബ്ദിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം
Leave a Reply