ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികൾ ഡാൻസ് ക്ലാസിൽ കുത്തേറ്റ് മരിച്ച സംഭവം ബ്രിട്ടനിൽ വൻ കുടിയേറ്റ വിരുദ്ധ വികാരം ആളി കത്തിക്കുന്നതിന് കാരണമായി. വലതുപക്ഷ തീവ്രവാദികളുടെ കുടിയേറ്റ സമരത്തിൽ ബ്രിട്ടനിലെ അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. കുടിയേറ്റത്തെ അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ നടന്നത് പോലീസിനും ഭരണ നേതൃത്വത്തിനും കടുത്ത തല വേദനയാണ് സൃഷ്ടിച്ചത്.

എന്നാൽ ബ്രിട്ടന്റെ പൊതു മനസ്സ് കുടിയേറ്റ വിരുദ്ധ മനോഭാവമില്ലാത്തതാണെന്ന് ജൂലൈ 4 ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പാർലമെൻറിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ സോജൻ ജോസഫ് പറഞ്ഞു. പലപ്പോഴും തദ്ദേശിയർ കുടിയേറ്റക്കാർക്ക് എതിരെ തിരിയുന്നതിന് കാരണം നമ്മൾ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശത്ത് ചെന്നാൽ അവിടുത്തെ സാമൂഹിക വ്യവസ്ഥയോട് ഇണങ്ങി ചേർന്ന് പ്രവർത്തിക്കേണ്ടത് അന്യദേശക്കാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ കുടിയേറ്റക്കാരെയും വിദേശികളെയും ചേർത്തു നിർത്തുന്നതിന് തന്റെ അനുഭവം തന്നെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടി കാണിച്ചത്. 88 ശതമാനം ബ്രിട്ടീഷ് വംശജർ ഉള്ള സ്ഥലത്തു നിന്നാണ് സോജൻ ജോസഫ് പാർലമെൻറിലേയ്ക്ക് ജയിച്ചു കയറിയത്.

യുകെയിലെ ആദ്യ മലയാളി എംപിയായി ചരിത്ര നേട്ടമാണ് ഒരു മലയാളി നേഴ്സ് ആയ സോജൻ ജോസഫ് കൈവരിച്ചത് . 1774 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റായ ആഷ്ഫോർഡ്‌ സോജൻ ജോസഫ് പിടിച്ചെടുത്തത്. യുകെയിലെ ഭൂരിപക്ഷ മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. നേഴ്‌സായി യുകെയിലെത്തിയ സോജന് മലയാളി നേഴ്‌സുമാരും കെയറർമാരും നേരിടുന്ന പ്രശ്‌നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് യുകെ മലയാളികൾ. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നേഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.