ബ്രിട്ടനില്‍ ഗര്‍ഭിണികളിലെ മോര്‍ണിംഗ് സിക്ക്‌നസ് പരിഹരിക്കാനുള്ള മരുന്നിന് ബ്രിട്ടനില്‍ ലൈസന്‍സ്. ഗര്‍ഭകാലത്തെ ഛര്‍ദ്ദി, ശാരിരികമായ മറ്റ് അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കാന്‍ സോനേവ എന്ന പുതിയ മരുന്നിന് സാധിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. ഛര്‍ദ്ദി മൂന്നില്‍ രണ്ടായി കുറയ്ക്കാനും തലകറക്കം പോലെയുള്ള അസ്വസ്ഥതകള്‍ ദിവസത്തില്‍ നാലില്‍ നിന്ന് ഒന്നായി കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഛര്‍ദ്ദി ഇല്ലാതാക്കാനുള്ള മരുന്നുകള്‍ ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ മടിക്കുമായിരുന്നു. ഇഞ്ചി, അക്യൂപങ്ചര്‍ തുടങ്ങിയവയായിരുന്നു ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നത്.

80 ശതമാനം ഗര്‍ഭിണികളിലും മോര്‍ണിംഗ് സിക്ക്‌നസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗര്‍ഭകാല ശാരിരിക പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അതില്‍ രണ്ട് ശതമാനം പേര്‍ക്ക് അതി കഠിനമായ ഛര്‍ദ്ദി കാണപ്പെടാറുണ്ട്. ഹൈപ്പറെമെസിസ് ഗ്രാവിഡാറം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ കീമോതെറാപ്പിക്ക് വിധേയരാകുന്നവരില്‍ കാണപ്പെടുന്ന ഛര്‍ദ്ദിക്കു തുല്യമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ അതി ശക്തമായ ഛര്‍ദ്ദിയും മറ്റ് പ്രശ്‌നങ്ങളുമുള്ള ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ നിര്‍ദേശിക്കാറുണ്ട്. നിലവില്‍ ആയിരത്തോളം ഗര്‍ഭങ്ങള്‍ ഇങ്ങനെ അലസിപ്പിക്കാറുണ്ടെന്ന് ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡൈ്വസറി സര്‍വീസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിലുള്ള അബോര്‍ഷനുകള്‍ കുറയ്ക്കാന്‍ ഈ പുതിയ മരുന്ന് സഹായിക്കുമെന്നാണ് കരുതുന്നത്. ഗര്‍ഭത്തോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്‌നങ്ങളുമായി 2016-17 കാലയളവില്‍ 33,071 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതു മൂലം 36,171 ചികിത്സാ ദിനങ്ങളാണ് എന്‍എച്ച്എസിന് ചെലവായത്. 62 മില്യന്‍ പൗണ്ട് ഈയിനത്തില്‍ ഹെല്‍ത്ത് സര്‍വീസിന് എല്ലാ വര്‍ഷവും ചെലവാകുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 1960കളില്‍ ഗര്‍ഭകാല ആലസ്യങ്ങള്‍ക്ക് മരുന്നായി താലിഡോമൈഡിന് അനുമതി നല്‍കിയിരുന്നുവെങ്കിലും കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിച്ചിരുന്നു.