ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നിന്ന് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത അവസാന പൈലറ്റും നിര്യാതനായി. ബ്രിട്ടീഷ് പൈലറ്റായ ജോൺ ഹെമിംഗ്വേ 105 വയസ്സിലാണ് മരണമടഞ്ഞത്. ഡബ്ലിനിൽ നിന്നുള്ള അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് തൻെറ കൗമാരപ്രായത്തിൽ റോയൽ എയർഫോഴ്സിൽ (ആർ എ എഫ്) ചേരുകയായിരുന്നു. തൻെറ 21-ാം വയസ്സിൽ, ബ്രിട്ടൻ യുദ്ധത്തിൽ അദ്ദേഹം ഒരു പൈലറ്റായി പോരാടി. ഈ കാലയളവിൽ, ജർമ്മനിയുടെ വ്യോമസേനയായ ലുഫ്റ്റ്വാഫെയുടെ ആക്രമണത്തിൽ നിന്ന് യുകെയെ സംരക്ഷിക്കാൻ അദ്ദേഹം മൂന്ന് മാസം പോരാടി.
രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാനും നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും മറ്റ് ആർ എ എഫ് പൈലറ്റുമാർക്കൊപ്പം ജോൺ ഹെമിംഗ്വേ സുപ്രധാന പങ്ക് വഹിച്ചതായി, പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ അദ്ദേഹത്തെ ആദരിക്കുന്ന വേളയിൽ പറഞ്ഞു. അന്ന് മൂന്നര മാസത്തെ യുദ്ധത്തിൽ പങ്കെടുത്തവർ, അന്നത്തെ പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിലിൻ്റെ സുപ്രാധാന പ്രസംഗത്തെ തുടർന്ന് “ദി ഫ്യു” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരോട് ബ്രിട്ടൺ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ജോൺ ഹെമിംഗ്വേയുടെ സ്ക്വാഡ്രൺ 1940 മെയ് മാസത്തിൽ 90 ശത്രുവിമാനങ്ങളെ വെറും 11 ദിവസത്തിനുള്ളിൽ വെടിവച്ചു വീഴ്ത്തുകയും, ബാറ്റിൽ ഓഫ് ഫ്രാൻസിൽ പങ്കെടുക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹത്തിന് നാല് തവണ വെടിയേറ്റിട്ടുണ്ട്. 1941 ജൂലൈയിൽ, യുദ്ധസമയത്തെ ധീരതയ്ക്കും അർപ്പണബോധത്തിനും ആർ എ എഫ് പൈലറ്റുമാർക്ക് നൽകുന്ന ബഹുമതിയായ വിശിഷ്ടമായ ഫ്ലയിംഗ് ക്രോസ് അദ്ദേഹത്തിന് ലഭിച്ചു.
Leave a Reply