ലണ്ടന്‍: അമിതവണ്ണവും അതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും തടയാന്‍ പുതിയ ക്യാംപെയിനിന് തുടക്കം കുറിച്ച് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ബ്രിട്ടന് ആഹാര ക്രമീകരണത്തിലേക്ക് നീങ്ങാനുള്ള സമയം അധികരിച്ചിരിക്കുന്നുവെന്നാണ് പിഎച്ച്ഇ നല്കുന്ന മുന്നറിയിപ്പ്. പുതിയ കലോറി ഗൈഡ്ലൈനുകളും പിഎച്ച്ഇ പുറത്തിറക്കി. ഫിഷ് ഫ്രൈ, ചിപ്സ്, സണ്‍ഡേ റോസ്റ്റ് തുടങ്ങി അമിത കലോറിയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഈ ഗൈഡ്ലൈനുകളില് ഉള്ളത്. പിഎച്ച്ഇ ആരംഭിച്ച വണ്‍ യൂ എന്ന ക്യാംപെയിനാണ് ഈ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ബ്രേക്ക്ഫാസ്റ്റിന് 400 കലോറിയും ലഞ്ചിനും ഡിന്നറിനും 600 കലോറി വീതവും മാത്രമേ ആകാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഇത്രയും കുറഞ്ഞ കലോറി അളവിലുള്ള ഭക്ഷണം യുദ്ധകാലത്തെ റേഷന്‍ സമമാണെന്നും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഇത് മതിയാകില്ലെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം നൂറ് കണക്കിന് അധിക കലോറിയാണ് മിക്കയാളുകളും ഇപ്പോള്‍ ദിവസവും അകത്താക്കുന്നതെന്നും അതിലൂടെ പൊണ്ണത്തടി ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും ആരോഗ്യ വിദഗദ്ധരും അഭിപ്രായപ്പെടുന്നു. ഫിഷ് ആന്‍ഡ് ചിപ്സിലും സണ്‍ഡേ റോസ്റ്റിലും മറ്റും 800 കലോറിയോളമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക കറികളിലും പിസ, പാസ്റ്റ തുടങ്ങിയവയിലും അമിത കലോറി മൂല്യം അടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ബ്രിട്ടന് ഡയറ്റിലേക്ക് നീങ്ങിയേ മതിയാകൂ എന്ന് പിഎച്ച്ഇ ചീഫ് എക്സിക്യൂട്ടീവ് ഡങ്കന്‍ സെല്‍ബീ പറഞ്ഞു. നാം ഭക്ഷണത്തിന്റെ അളവ് കുറച്ചേ മതിയാകൂ. കുട്ടികളും മുതിര്‍ന്നവരും ഒരു ശ്രദ്ധയുമില്ലാതെയാണ് ആഹാരം വാരിവലിച്ചു കഴിക്കുന്നത്. ഇതു മൂലം മിക്കയാളുകളും അമിതഭാരമുള്ളവരും പൊണ്ണത്തടിക്കാരുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി ഫുഡില്‍ 20 ശതമാനം വരെ കലോറി കുറയ്ക്കാന്‍ ഭക്ഷ്യവ്യവസായങ്ങള്‍ക്ക് ആറ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉപരോധമുള്‍പ്പെടെയുള്ള നടപടികളെ നേരിടേണ്ടി വരും.
ഇതിനായി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രീതികള്‍ മാറ്റുകയോ അളവില്‍ കുറവു വരുത്തുകയോ ചെയ്യാം. അതു കൂടാതെ കുറഞ്ഞ കലോറിയുള്ള ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ ഉപദേശിക്കണമെന്ന നിര്‍ദേശവും പിഎച്ച്ഇ നല്‍കിയിട്ടുണ്ട്. ബ്രെഡ്, കുക്കിംഗ് സോസുകള്‍, ക്രിസ്പുകള്‍, പ്രോസസ്ഡ് ഇറച്ചി, അരി, പാസ്റ്റ, റെഡി മീല്‍സ്, പിസ, സാന്‍ഡ് വിച്ചുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കളും കലോറി കുറയ്ക്കല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply