ബ്രിട്ടനില്‍ പെന്‍ഷനര്‍മാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്ന സൂചന നല്‍കി റിപ്പോര്‍ട്ട്. 40 മുതല്‍ 60 വയസ് വരെ പ്രായമുള്ളവരില്‍ മൂന്നിലൊന്നു പേരും സ്റ്റേറ്റ് പെന്‍ഷനില്‍ അഭയം പ്രാപിക്കുന്നവരാണ്. ഇവര്‍ക്ക് ലഭിക്കുന്ന ശരാശരി സ്റ്റേറ്റ് പെന്‍ഷന്‍ 505 പൗണ്ടാണ്. എന്നാല്‍ പ്രായമായ പെന്‍ഷനര്‍മാര്‍ക്ക് 885 പൗണ്ടെങ്കിലും വേണ്ടി വരുമെന്നാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി നടത്തിയ റിസര്‍ച്ചില്‍ വ്യക്തമായത്. ബില്ലുകള്‍ അടക്കുന്നതിനായി 616 പൗണ്ടും സോഷ്യലൈസിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കായി 269 പൗണ്ടും ശരാശരി ആവശ്യമായി വരും. അതായത് മാസത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആവശ്യമുള്ളതിനേക്കാള്‍ 380 പൗണ്ട് കുറവാണ്. 15 വര്‍ഷത്തേക്ക് 68,400 പൗണ്ട് ഓരോരുത്തര്‍ക്കും അധികമായി ചെലവാക്കേണ്ടി വരുമെന്ന് സാരം. റിട്ടയര്‍ ചെയ്യാനിരിക്കുന്ന നിരവധിയാളുകള്‍ ഇതിനായി തയ്യാറെടുത്തിട്ടു പോലുമില്ലെന്നാണ് വിവരം.
പ്രൈവറ്റ് പ്ലാനുകളും കമ്പനി പ്ലാനുകളും ഉള്ളവര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ ഫണ്ട് എത്രയുണ്ടെന്നു പോലും അറിയില്ല. പെന്‍ഷന്‍ വരുമാനം എത്രയായിരിക്കുമെന്ന ഊഹം പോലുമില്ലാത്തവരും റിട്ടയര്‍ ചെയ്യാനിരിക്കുന്നവരില്‍ ഉണ്ടെന്നതാണ് വാസ്തവം. ആവശ്യത്തിന് വരുമാനമില്ലാതെ ജീവിതത്തിന്റെ മൂന്നിലൊന്നോളം വരുന്ന റിട്ടയര്‍മെന്റ് ലൈഫ് ജീവിക്കുന്നവര്‍ക്ക് ഒന്ന് സ്വസ്ഥമാകാനോ സന്തോഷിക്കാനോ ഉള്ള അവസരങ്ങള്‍ നഷ്ടമാകുമെന്ന് നേഷന്‍വൈഡ് പ്രതിനിധി ജെയ്‌സണ്‍ ഹേര്‍വുഡ് പറയുന്നു. ജീവിതച്ചെലവുകള്‍ വര്‍ദ്ധിക്കുന്നതു മൂലം സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിസര്‍ച്ചില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചവരില്‍ 25 ശതമാനത്തോളം അഭിപ്രായപ്പെട്ടത്. കടബാധ്യതകള്‍ മൂലം സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് എട്ടില്‍ ഒരാള്‍ വീതം അഭിപ്രായപ്പെട്ടു.
67 വയസ് പ്രായമുള്ളപ്പോള്‍ മാസം 380 പൗണ്ട് വീതം അധിക വരുമാനം നേടണമെങ്കില്‍ ഇപ്പോള്‍ 25 വയസുള്ളവര്‍ മാസം 54 പൗണ്ട് വീതം നിക്ഷേപിക്കേണ്ടി വരും. 40 വയസുള്ളവരാണെങ്കില്‍ ഇത് മാസം 120 പൗണ്ടായി ഉയരും. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനുകള്‍ക്ക് ലഭിക്കുന്ന 20 ശതമാനം അടിസ്ഥാന നികുതിയിളവും 4 ശതമാനം ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണും കണക്കിലെടുത്തുകൊണ്ടാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.
Leave a Reply