ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളുടെ ഒരു വയസുള്ള കുട്ടിയെ സോഷ്യല്‍ കെയറിലേക്ക് മാറ്റി. കുഞ്ഞിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് സോഷ്യല്‍ കെയര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. നോര്‍ത്തേണ്‍ ഇംഗ്ലണ്ട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ അധികൃതര്‍ ഏറ്റെടുത്തിരിക്കുന്നത്. ദമ്പതികളില്‍ ഭര്‍ത്താവിന് 65ഉം ഭാര്യയ്ക്ക് 63ഉം വയസുണ്ട്. ലോകത്തില്‍ തന്നെ ഈ പ്രായത്തില്‍ കുട്ടി വേണമെന്ന് കരുതുന്ന മാതാപിതാക്കള്‍ വളരെ അപൂര്‍വ്വമാണ്. പ്രായാധിക്യം മൂലം ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ സ്വന്തമാക്കണമെന്ന് ആഗ്രഹത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാവാതെ ഇവര്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ് തങ്ങളുടെ ആഗ്രഹം നിറവേറ്റിയത്. ഇതിനായി ഏതാണ്ട് ഒരു ലക്ഷം പൗണ്ട് ഇവര്‍ ചെലവഴിച്ചു.

പ്രായാധിക്യം മൂലം കുട്ടിക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ഇവര്‍ക്ക് കഴിയുമോയെന്ന ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനായിരുന്നു സോഷ്യല്‍ സര്‍വീസ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ കുട്ടിയെ പരിചരിക്കുന്ന രീതികള്‍ അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ദമ്പതികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാത്തതോടെയാണ് കുഞ്ഞിനെ സോഷ്യല്‍ കെയറിലേക്ക് മാറ്റിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദമ്പതികളുടെയും കുട്ടിയുടെയും പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിഷയത്തില്‍ ദമ്പതികള്‍ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഇവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇരുവരെയും ബുദ്ധിമുട്ടിച്ചിരുന്നു. കുട്ടിയുടെ പരിചരണം അവതാളത്തിലായതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്.