ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സോഫ്റ്റ്‌വെയർ തകരാർ മൂലം വ്യാഴാഴ്ച ബ്രിട്ടീഷ് എയർവേയ്സ് തങ്ങളുടെ 43 വിമാനങ്ങൾ റദ്ദാക്കി. ഓൺലൈൻ ചെക്കിങ്ങിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ തകരാറുകൾ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്. യാത്രകാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ബ്രിട്ടീഷ് എയർവേയ്സ് ക്ഷമാപണം നടത്തി.
യുകെയിൽ നിന്ന് 800 ഓളം വിമാന സർവീസുകളാണ് ബ്രിട്ടീഷ് എയർവെയ്സിന്റേതായുള്ളത്. 5 % സർവീസുകളാണ് റദ്ദാക്കേണ്ടതായി വന്നത്. ക്രിസ്തുമസിന് മുമ്പുള്ള ആഴ്ചയിൽ ഒട്ടേറെ ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടതായി വന്നതുൾപ്പെടെ കഴിഞ്ഞ 2 വർഷത്തിനിടയിൽ സോഫ്റ്റ്‌വെയർ തകരാർ മൂലം സർവീസുകൾ മുടങ്ങിയതിന് കടുത്ത വിമർശനമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത് .
തങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളും സർവീസുകൾ നടത്തുന്നുണ്ടെന്നും റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ ബന്ധപ്പെട്ട് പുനർസംവിധാനം നടപ്പിലാക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കിയതിനെ തുടർന്ന് ഒട്ടേറെ പേരാണ് ബ്രിട്ടീഷ് എയർവെയ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം അഴിച്ചുവിട്ടത്. ഫ്ലൈറ്റ് റദ്ദാക്കിയ നടപടി ബാധിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനോ അല്ലെങ്കിൽ സാധ്യമായ അവസരത്തിൽ റീ ബുക്കിങ്ങിനോ അർഹതയുണ്ടെന്ന് കൺസ്യൂമർ ഗ്രൂപ്പിലെ ട്രാവൽ എഡിറ്റർ റോറി ബോലാൻഡ് പറഞ്ഞു.
Leave a Reply