ലണ്ടന്‍: ഗുരുതരമായ ഔടി പിഴവ് മൂലം ഗാറ്റ്വിക്ക്, ഹീത്രൂ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. ഇന്നലെയാണ് സംഭവം. ലോകമൊട്ടാകെയുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തിലാണ് തകരാര്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമൂലം ഇന്നും വിമാന സര്‍വീസുകളില്‍ തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. കമ്പ്യൂട്ടര്‍ തകരാറ് മൂലം രണ്ടു വിമാനത്താവളങ്ങളിലെയും ബ്രിട്ടീഷ് എയര്‍വേയ്‌സ് ടെര്‍മിനലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചത്. പിന്നീട് യുകെയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഗാറ്റ്വിക്ക്, ഹീത്രൂ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലത്തേക്ക് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നും സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ സാധാരണ മട്ടില്‍ ലാന്‍ഡ് ചെയ്യും. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും ഏറ്റവും വേഗത്തില്‍ അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു. സ്‌കൂള്‍ അവധിയും വാരാന്ത്യവും പ്രമാണിച്ച് യാത്രകള്‍ക്കായി എത്തിയവരെയാണ് ഈ പ്രശ്‌നം കൂടുതല്‍ വലച്ചത്. ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തുന്ന ദൃശ്യങ്ങളും ടെര്‍മിനലുകളില്‍ കാണാമായിരുന്നു. ബുക്കിംഗ് സിസ്റ്റം, ബാഗേജ് ഹാന്‍ഡ്‌ലിംഗ്, മൊബൈല്‍ ആപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഐടി തകരാറ് ബാധിച്ചു.