ലണ്ടൻ: ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹീത്രുവില്‍നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. പുകയുയര്‍ന്നതിനെ തുടര്‍ന്ന് വിമാനം വലന്‍സിയ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. 175 യാത്രക്കാരും രണ്ട് പൈലറ്റ്, മറ്റ് ആറ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും സാങ്കേതികതകരാറാണ് പുകയുയരാന്‍ കാരണമെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു.[ot-video]

[/ot-video]

 

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബിഎ422 വിമാനം വലന്‍സിയയില്‍ ലാന്‍ഡ് ചെയ്യുന്നതിന് പത്ത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ആണ് വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത്. എയർ കണ്ടിഷനിംഗ് സിസ്റ്റം വഴിയാണ് പുക വന്നതെന്ന് യാത്രക്കാർ പറഞ്ഞു. ചുരുങ്ങിയ സമയം  കൊണ്ട് ക്യാബിനകം മുഴുവനും പുക നിറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍ ഇതോടെ ഭയന്നുനിലവിളിക്കുകയായിരുന്നു. രണ്ടുസീറ്റുകള്‍ക്കപ്പുറം ഇരിക്കുന്ന ആളെപ്പോലും കാണാന്‍ കഴിയാത്തത്ര പുകയായിരുന്നു വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് യാത്രക്കാരിലൊരാളായ റേച്ചല്‍ പറഞ്ഞു.

വിമാനം ലാൻഡ് ചെയ്‌തതിന്‌ ശേഷം എമർജൻസി വാതിലുകൾ മൂന്ന് മിനിറ്റോളം  തുറക്കാൻ സാധിക്കാതെ വന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഒരു പ്രേതചിത്രം പോലെയുള്ള അനുഭവമായിരുന്നു എന്നാണ് മറ്റൊരു യാത്രക്കാരിയായ ലൂസി ബ്രൗണ്‍ പ്രതികരിച്ചത്. വിമാനത്തിലെ ചിത്രങ്ങളും ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. യുകെയിൽ ഇപ്പോൾ അവധിക്കാലമായതിനാൽ പല മലയാളികളും മറ്റു യൂറോപ്പ്യൻ സ്ഥലങ്ങൾ സന്ദർശിക്കുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്. എന്നിരുന്നാലും യുകെ മലയാളികൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം പുറത്തുവന്നിട്ടില്ല. എന്തായാലും ഫ്രീ ഹോട്ടൽ താമസം ഒരുക്കിക്കൊടുത്ത ബ്രിട്ടീഷ് എയർവെയ്‌സ് മറ്റൊരു വിമാനം നൽകി മടക്കയാത്ര സുഗമമാക്കി എന്ന് കമ്പനി അറിയിച്ചു.

[ot-video][/ot-video]