ബ്രിട്ടീഷ് എയര്‍വേഴ്‌സ് നോര്‍വീജിയന്‍ എയറിനെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നോര്‍വീജിയന്‍ എയറില്‍ 4.61 ശതമാനം ഓഹരികള്‍ സ്വന്തമായുള്ള ബ്രീട്ടിഷ് എയര്‍വേയ്‌സ് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയെ മുഴുവനായും ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ശ്രമങ്ങള്‍ നടക്കുന്നതായി ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഉടമകളായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ലണ്ടന്‍-ന്യൂയോര്‍ക്ക് റൂട്ടില്‍ 129 പൗണ്ടാണ് നോര്‍വീജിയന്‍ ഈടാക്കുന്നത്. ഈ ഏറ്റെടുക്കലോടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ബജറ്റ് എയര്‍ലൈന്‍ രംഗത്തേക്ക് കടക്കുമോ എന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്.

ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഓഫറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചകളും നിലവില്‍ നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിമാനക്കമ്പനികളിലൊന്നാണ് നോര്‍വീജിയന്‍ എയര്‍. ലണ്ടനില്‍ നിന്ന് സൗത്ത് അമേരിക്ക, സിംങ്കപ്പൂര്‍, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെലവ് കുറഞ്ഞ വിമാന യാത്രാ സൗകര്യം കമ്പനി നല്‍കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1993ല്‍ പ്രവര്‍ത്തനമാരംഭിച്ച നോര്‍വീജിയന്‍ എയര്‍ ഇപ്പോള്‍ ലോകത്തിലെ ചെലവ് കുറഞ്ഞ വിമാന യാത്രകള്‍ ഓഫര്‍ ചെയ്യുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ്. റയന്‍എയര്‍, ഈസി ജെറ്റ് എന്നിവയാണ് മുന്നില്‍. ആദ്യ കാലഘട്ടങ്ങളില്‍ നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ എന്നായിരുന്നു കമ്പനി അറിയപ്പെട്ടികരുന്നു. റീജിയണല്‍ സര്‍വീസുകള്‍ മാത്രമായിരുന്ന ഇക്കാലത്ത് കമ്പനി നടത്തിയിരുന്നത്. 2002ല്‍ സര്‍വീസുകള്‍ വ്യാപിപ്പിച്ചു. 2013ല്‍ ഗാറ്റ്‌വിക്കില്‍ ഒരു ബേസ് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന മാറ്റം ഉണ്ടായത്.