ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മൂന്ന് വനിതാ ക്രൂ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുവാൻ ശ്രമിച്ച ബ്രിട്ടീഷ് എയർവെയ്സ് പൈലറ്റിന് സസ്പെൻഷൻ നൽകിയിരിക്കുകയാണ്. ജോഹന്നാസ്ബർഗിലെ ഒരു ലേഓവറിനിടെ 50 വയസ്സ് പ്രായമുള്ള, രണ്ടു കുട്ടികളുടെ പിതാവായ പൈലറ്റ് മദ്യപിക്കുകയും പിന്നീട് അദ്ദേഹത്തോടൊപ്പം ഡിസ്കൗണ്ട് ടിക്കറ്റിൽ എത്തിയ 25 വയസ്സുള്ള കാമുകിയോട് വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ക്യാബിൻ മാനേജർ, ഫസ്റ്റ് ക്ലാസ് സ്റ്റിവാർഡസ്, ഇൻ-ഫ്ലൈറ്റ് ലീഡ് എന്നിവരോട് അവർ താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടലിന്റെ ബാറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തനിയെ നിൽക്കുവാൻ പോലും പറ്റാത്ത സാഹചര്യത്തിൽ മദ്യപിച്ചിട്ടായിരുന്നു പൈലറ്റ് എത്തിയത്. ഒടുവിൽ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ മുറിയിലാക്കുകയാണ് ചെയ്തത്. അടുത്തദിവസം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ ക്രൂ വിസമ്മതിക്കുകയും, തുടർന്ന് അപമാനിതനായി മറ്റൊരു ഫ്ലൈറ്റിൽ സാധാരണ യാത്രക്കാരനായി അദ്ദേഹത്തിന് ബ്രിട്ടനിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇനി ജോലിയിൽ തുടരുവാൻ സാധിക്കില്ല. ഹീത്രൂവിൽ നിന്ന് ജോഹന്നാസ്ബർഗിലേക്കുള്ള ബ്രിട്ടീഷ് എയർവെയ്സ് വിമാനം അവിടെ എത്തിയതിനു ശേഷമുള്ള ലേഓവറിനിടെയാണ് സംഭവം നടന്നത്. സ്റ്റാഫുകളുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ ബ്രിട്ടീഷ് എയർവെയ്സ് അധികൃതർ അതൃപ്തരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രൂ അംഗങ്ങൾ ആത്യന്തിക പാർട്ടി ലക്ഷ്യസ്ഥാനമായാണ് ജോഹന്നാസ്ബർഗിനെ കാണുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഒരു ഫ്ലൈറ്റ് ക്രൂ അംഗത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബ്രിട്ടീഷ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
Leave a Reply