ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈവ് ഫയർ പരിശീലനത്തിനിടെ സംഭവിച്ച അപകടത്തിൽ 25 വയസ്സുകാരനായ ബ്രിട്ടീഷ് സൈനിക ഓഫീസർ ക്യാപ്റ്റൻ ഫിലിപ്പ് ഗിൽബർട്ട് മൾഡോണി കൊല്ലപ്പെട്ടു . നോർത്ത്‌മ്പർലൻഡിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ഞായറാഴ്ച ഉണ്ടായ സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 4-ാം റെജിമെന്റ് റോയൽ ആർട്ടില്ലറിയിലെ ഫയർ സപ്പോർട്ട് ടീം കമാൻഡറായിരുന്നു മൾഡോണി. സംഭവത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നും സൈന്യം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയൽ മിലിറ്ററി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ പരിശീലനം നേടിയ മൾഡോണി 2020 ജനുവരിയിലാണ് സൈന്യത്തിൽ ചേർന്നത്. അതേ വർഷം ഡിസംബറിൽ റോയൽ ആർട്ടില്ലറിയിൽ കമ്മീഷൻ ലഭിച്ചു. 2021 നവംബറിൽ ആറുമാസത്തേക്ക് എസ്റ്റോണിയയിൽ വിന്യസിക്കപ്പെട്ട അദ്ദേഹം വിവിധ ചുമതലകൾ നിർവഹിച്ചു വരുകയായിരുന്നു . 2025 ജനുവരിയിൽ ഒരു കമാൻഡോ കോഴ്‌സിനിടെ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സേവനം താൽക്കാലികമായി നിർത്തി പുനരധിവാസത്തിലായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തിയത്.

മൾഡോണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സഹസൈനികരും മേലുദ്യോഗസ്ഥരും ആദരാഞ്ജലികൾ അർപ്പിച്ചു. പ്രഗൽഭനും ആത്മാർത്ഥതയുള്ള ഓഫീസറായിരുന്നു ഗിൽബർട്ട്” എന്ന് 4-ാം റെജിമെന്റ് കമാൻഡിംഗ് ഓഫീസർ ലഫ്. കേണൽ ഹെൻറി വോളർ പറഞ്ഞു. എളുപ്പം സൗഹൃദം സ്ഥാപിക്കുന്ന സ്വഭാവവും അതിരുകളില്ലാത്ത ഊർജവും പുഞ്ചിരിയും അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കിയതായും സഹപ്രവർത്തകർ ഓർമ്മിച്ചു. യൂണിറ്റിനും സുഹൃത്തുക്കൾക്കും കുടുംബത്തിനുമുള്ള നഷ്ടം അതീവ വേദനാജനകമാണെന്ന് സൈന്യം അറിയിച്ചു.