സ്വന്തം ലേഖകൻ
ടെഹ്‌റാൻ : ചാരവൃത്തി കേസിൽ അകപ്പെട്ട് ഇറാനിൽ 10 വർഷം ജയിൽശിക്ഷ അനുഭവിക്കുന്ന ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ യുവതിയെ മരുഭൂമിയിലെ ഒറ്റപ്പെട്ട ജയിലിലേക്ക് മാറ്റിയതായി അധികൃതർ. മെൽബൺ സർവകലാശാലയിലെ അദ്ധ്യാപികയായ കൈലി മൂർ-ഗിൽബെർട്ട് 2018 സെപ്റ്റംബർ മുതൽ ജയിലിലാണ്. അവരെ രഹസ്യമായി വിചാരണ ചെയ്തതിന് ശേഷമാണ് ഈ നീക്കം. കൈലിയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇറാൻ ഉത്തരവാദിയാണെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന മുൻഗണനകളിലൊന്നാണ് ഡോ. മൂർ-ഗിൽബെർട്ടിന്റെ കേസെന്ന് ഓസ്‌ട്രേലിയയുടെ വിദേശകാര്യ വാണിജ്യ വകുപ്പ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. കുപ്രസിദ്ധമായ കാർചക് ജയിലിലേക്ക് കൈലിയെ മാറ്റിയതായി പറയുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ റിപ്പോർട്ടുകൾ ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന ജയിലുകളിൽ ഒന്നാണിത്.
കാർചക് ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ്, മിഡിൽ ഈസ്റ്റ് പൊളിറ്റിക്സ് ലക്ചറർ ആയ മൂർ-ഗിൽബെർട്ട്, തലസ്ഥാനമായ ടെഹ്റാനിലെ എവിൻ ജയിലിൽ രണ്ട് വർഷത്തോളം കഴിഞ്ഞുവെന്ന് ഒരു സുഹൃത്ത് അറിയിച്ചു. ഏകാന്തതടവിലും നിരവധി നിരാഹാര സമരങ്ങളിലും ഏർപ്പെട്ടിരുന്ന അവർ പുതിയ തടവുകാർക്ക് കുറിപ്പുകൾ കൈമാറിയതിനും ജയിലിലെ ചുവരുകളിൽ എഴുതിയതിനും ശിക്ഷ അനുഭവിച്ചിരുന്നു. ശുദ്ധമായ വെള്ളമോ ഭക്ഷണമോ കിട്ടാത്ത ഒരിടമാണ് മരുഭൂമിയ്ക്ക് നടുവിലുള്ള ജയിലെന്നു റിച്ചാർഡ് റാഡ്ക്ലിഫ് പറഞ്ഞു. ബ്രിട്ടീഷ്-ഇറാനിയൻ ചാരിറ്റി വർക്കർ നസാനിൻ സാഗാരി- റാഡ്ക്ലിഫിന്റെ ഭർത്താവാണ് റിച്ചാർഡ്. ചാരപ്രവർത്തനത്തിന് 2016ൽ അദ്ദേഹവും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ആ ജയിലിൽ ഒരു കിടക്ക ലഭിക്കാനായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂർ-ഗിൽബെർട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാഗാരി റാഡ്ക്ലിഫ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
സാധാരണ തടവുകാരെ പാർപ്പിക്കുന്ന സ്ഥലമാണ് കാർചക് ജയിലെങ്കിലും അത് അപകടകരമാണെന്ന് ഇറാനിലെ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ ഹാദി ഘെയ്മി പറഞ്ഞു. ഈവിൻ ജയിലിൽ കഴിഞ്ഞിരുന്ന മൂർ-ഗിൽബെർട്ടിനെ ഓസ്‌ട്രേലിയൻ അംബാസഡർ അടുത്തിടെ സന്ദർശിച്ചതായും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവളുമായി ടെലിഫോൺ ബന്ധത്തിലായിരുന്നുവെന്നും വിദേശകാര്യ വാണിജ്യ വകുപ്പ് അറിയിച്ചു. മൂർ-ഗിൽബെർട്ട് വളരെ മോശം അവസ്ഥയിലാണെന്ന് ജയിലിൽ കിടന്ന മനുഷ്യാവകാശ അഭിഭാഷക നസ്രിൻ സോതൂദെയുടെ ഭർത്താവ് റെസ ഖണ്ടൻ ഫേസ്ബുക്കിൽ കുറിച്ചു. അവളുടെ ആരോഗ്യം ഗണ്യമായി വഷളാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു. പെർമിറ്റില്ലാതെ ഡ്രോൺ പറത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ യുവതി ജോളി കിംഗിനെയും കാമുകൻ മാർക്ക് ഫിർകിനെയും ടെഹ്‌റാനിൽ ജയിലിലടച്ച ശേഷം വിട്ടയച്ചിരുന്നു.
Leave a Reply