സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് നിരവധി ബ്രിട്ടീഷ് കമ്പനികൾ തങ്ങളുടെ തൊഴിലവസരങ്ങൾ വെട്ടി കുറച്ചിരിക്കുകയാണ്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പന്ത്രണ്ടായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. താത്കാലിക വിസയിൽ ബ്രിട്ടനിൽ വന്നിരിക്കുന്ന പലരും ജോലി നഷ്ടത്തെത്തുടർന്ന് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകേണ്ടതായി വരുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിലെ റീട്ടെയിൽ മേഖലയിലെ മുഖ്യ വിതരണക്കാരായ ജോൺ ലെവിസ് തങ്ങളുടെ കടകളിൽ ചിലത് അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർക്കാഡിയ, ഹാറോഡ് എന്നീ ശൃംഖലകൾ 1180 ഓളം തൊഴിലവസരങ്ങൾ കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മുതൽ തന്നെ ബ്രിട്ടണിലെ ബിസിനസുകൾ എല്ലാം തകർച്ചയുടെ വക്കിലാണ്. ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനിയായ എസ് എസ് പി ഗ്രൂപ്പ് അയ്യായിരത്തോളം തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. വിർജിൻ മണി, യോർക്ക്ഷെയർ ബാങ്ക്, ക്ലയ്ഡ്സ്ഡെയ്ൽ ബാങ്ക് എന്നിവയിൽ മാത്രം മൂവായിരത്തോളം സ്റ്റാഫുകളെയാണ് പിരിച്ചു വിട്ടത്.
ജോലി നഷ്ടപ്പെട്ടവരെല്ലാം തന്നെ എന്ത് ചെയ്യണം എന്ന അവസ്ഥയിലാണ്. ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് എന്ന് ജോലി നഷ്ടപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയ ജെയിംസ് ഫിലിപ്പ് പറഞ്ഞു. റീട്ടെയിൽ മേഖലയെ ആണ് ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത്. ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ കൊറോണ ബാധ ശക്തമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഏവിയേഷൻ മേഖലയെയും കൊറോണ ബാധ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്‌സ് മാത്രം പന്ത്രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് വെട്ടി കുറയ്ക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ജോലി നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.











Leave a Reply