ബ്രിട്ടീഷ് ദമ്പതികളുടെ 15 വയസ്സുകാരിയായ മകൾ നോറ ക്വൊറിനെ മലേഷ്യയിലെ ദുസാൻ റിസോർട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായി. ലണ്ടനിൽ നിന്നുള്ള ഐറിഷ് – ഫ്രഞ്ച് ദമ്പതികളായ മീബയും സെബാസ്റ്റ്യനും അവരുടെ മൂന്നു മക്കളോടൊപ്പം ശനിയാഴ്ചയാണ് ക്വാലാലംപൂരിൽ നിന്ന് 40 മൈൽ തെക്ക് സെരേംബാനടുത്തുള്ള റിസോർട്ടിൽ രണ്ടാഴ്ചത്തെ താമസത്തിനായി എത്തിചേർന്നത്. പിറ്റേന്ന് രാവിലെയാണ് നോറയെ അവളുടെ കിടപ്പുമുറിയിൽ നിന്നും കാണാതാവുന്നത്. മുറിയുടെ ജനൽ തുറന്നുകിടക്കുന്നതായും കാണപ്പെട്ടു. നോറ, താൻ താമസിച്ചിരുന്ന ഹോട്ടലിന് സമീപം തന്നെ കാണുമെന്ന് പോലീസ് കരുതുന്നു. കാണാതായി അഞ്ചാം ദിവസവും തിരച്ചിൽ ഊർജ്ജിതമായി തന്നെ തുടരുന്നു.
മലേഷ്യൻ കാടുകളിൽ നടന്ന തിരച്ചിലിനിടയിൽ നോറയുടെ അമ്മ മീബ ക്വൊറിന്റെ ശബ്ദം റെക്കോർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പുറപ്പെടുവിച്ചു. ” നോറ ഡാർലിംഗ്, ഐ ലവ് യൂ, മം ഈസ് ഹിയർ ” എന്ന് മീബ പറയുന്നതാണ് കേൾപ്പിച്ചത്. ഈ ശബ്ദത്തിലേക്ക് നോറയെ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ശ്രമം പോലീസ് നടത്തുന്നത്. 2.5 ചതുരശ്ര മൈൽ വലിപ്പമുള്ള കാട്ടിൽ, ഒരു പ്രദേശത്ത് തിരയുന്ന ഉദ്യോഗസ്ഥരെ ആറു ടീമുകളായി തിരിച്ചിട്ടുണ്ട്. ” കാണാതായ കുട്ടിയെ കണ്ടത്താമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ” ജില്ലാ പോലീസ് മേധാവി മുഹമ്മദ് നോർ മർസുകി ബെസാർ പറഞ്ഞു.
നോറയെ നഷ്ടപ്പെട്ടതാകാമെന്ന് പോലീസ് കരുതുന്നു. പക്ഷേ ഇതൊരു തട്ടിക്കൊണ്ടുപോകൽ ആകാമെന്ന ഭയത്തിലാണ് കുടുംബാംഗങ്ങൾ.നോറയുടെ തിരോധാനം തികച്ചും അസ്വാഭാവികമാണെന്ന് അവരുടെ കുടുംബസുഹൃത്ത് കാതറിൻ മോറിസൺ അഭിപ്രായപ്പെട്ടു. മലേഷ്യയിലെ ഫ്രാൻസിന്റെ അംബാസഡർ ഫ്രഡറിക് ലാപ്ലാൻജെ, കുട്ടിയെ കാണാതായ സ്ഥലം സന്ദർശിച്ചു.
Leave a Reply