ജോജി തോമസ്

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ എല്ലാവരും എഴുതിത്തള്ളിയിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ യഥാര്‍ത്ഥ താരമായി മാറുകയാണ്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ ബാധ്യതയായി വിലയിരുത്തിയിരുന്ന ജെറമി കോര്‍ബിന്റെ നേതൃത്വമാണ് ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിനെ ഇപ്പോള്‍ പ്രചനാതീതവും, ഒരുപക്ഷെ ഒരു തൂക്കു പാര്‍ലമെന്റിന്റെ സാധ്യതകളിലേയ്ക്കും നയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ പോള്‍ അനുസരിച്ച് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലേബറിന്റെ മേലുള്ള മുന്‍തൂക്കം 3 ശതമാനം മാത്രമാണ്.

ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ജെറമി കോര്‍ബിന്റെ ജനപ്രീതി തന്നെയായിരുന്നു. എന്നാല്‍ ഒരു രാത്രി വെളുത്തപ്പോള്‍ ബ്രിട്ടണിലെ ഏറ്റവും ജനകീയനായ നേതാവായി ജെറമി കോര്‍ബിന്‍ മാറിയിരിക്കുകയാണ്. ജെറമി കോര്‍ബിനെ ശരിയായി വിലയിരുത്തുന്നതില്‍ ആദ്യമായല്ല ബ്രിട്ടീഷ് രാഷ്ട്രീയം പരാജയപ്പെടുന്നത്. 2015-ല്‍ ആദ്യമായി ലേബര്‍ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോഴും കഴിഞ്ഞ വര്‍ഷം ബ്രെക്സിറ്റിനു ശേഷം ലേബര്‍ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ സമയത്തുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരിച്ചടികളില്‍ പിടിച്ചുനില്‍ക്കാനും തിരിച്ചുവരവിനുമുള്ള കോര്‍ബിന്റെ കഴിവ് അത്ഭുതാവഹമാണ്. സ്വന്തം നേതൃത്വത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്ന ലേബര്‍ പാര്‍ട്ടിയെ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ജെറോമി കോര്‍ബിന്‍ തെരഞ്ഞെടുപ്പിന്റെ മുഖ്യധാരയിലെത്തിച്ചത്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന ബി.ബി.സി സംവാദത്തില്‍ നിന്ന് വിട്ടുനിന്നത് തെരേസ മേയ്ക്ക് തിരിച്ചടിയായി. തെരേസ മേയ്ക്ക് പകരം ടോറികളെ പ്രതിനിധാനം ചെയ്ത്, ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് ആണ് ബി.ബി.സി. സംഘടിപ്പിച്ച ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കവെ ജെറമി കോര്‍ബിന്‍ പണം കായ്ക്കുന്ന അത്ഭുതമരത്തിലാണ് വിശ്വസിക്കുന്നതെന്ന് ആംബര്‍ റൂഡ് കുറ്റപ്പെടുത്തി.

ഇലക്ഷന്‍ ദിനം അടുക്കുന്തോറും ടോറികളുടെ ലീഡ് കുറഞ്ഞുവരുന്നത് കണ്‍സര്‍വേറ്റീവ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ലേബറിന്റെ മേല്‍ ടോറികള്‍ക്കുണ്ടായിരുന്ന മുന്‍തൂക്കം 18 ശതമാനം ആയിരുന്നു. അതാണ് ചുരുങ്ങി മൂന്ന് ശതമാനമായിരിക്കുന്നത്. എന്തായാലും ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പ്രവചനാതീത സ്വഭാവം കൈവരിച്ചിരിക്കുകയാണ്. ജെറമി കോര്‍ബിന്‍ കറുത്ത കുതിരയാകുമോ അതോ തെരേസ മേയുടെ കണക്കുക്കൂട്ടലുകള്‍ ശരിയാകുമോ എന്ന് അറിയാന്‍ ഇനിയും അധികം കാത്തിരിക്കേണ്ടി വരില്ല.