ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ അപകടത്തില്‍ നാലംഗ ബ്രിട്ടീഷ് കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. കെന്നഡി സ്‌പേസ് സെന്ററില്‍ സ്‌പേസ് എക്‌സ് വിക്ഷേപണം കണ്ട് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിലെ സാറ്റ്‌നാവ് നാവിഗേഷന്‍ സിസ്റ്റം നല്‍കിയ നിര്‍ദേശമനുസരിച്ച് ഹൈവേയില്‍ യുടേണ്‍ എടുക്കുന്നതിനിടെ ഒരു ഫോര്‍ഡ് എഫ് 250 പിക്കപ്പ് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആഡം സ്റ്റീഫന്‍സണ്‍ (30), ഭാര്യ മേരിആന്‍ (29), ആഡമിന്റെ പിതാവ് ബ്രയാന്‍ സ്റ്റീഫന്‍സണ്‍ (66), മാതാവ് ഷെറലിന്‍ സ്റ്റീഫന്‍സണ്‍ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിസ്റ്റോള്‍ സ്വദേശികളായ ഇവര്‍ അമേരിക്കയില്‍ ഹോളിഡേ ആഘോഷത്തിനെത്തിയതായിരുന്നു.
വാടകയ്‌ക്കെടുത്ത മിറ്റ്‌സുബിഷി സലൂണ്‍ കാര്‍ ഓടിച്ചിരുന്നത് ആഡം ആയിരുന്നു. തനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നാണ് ട്രക്കിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. ഫ്‌ളോറിഡയിലെ ടൈറ്റസ് വില്ലില്‍ സിസ്സണ്‍ റോഡിലെ എസ്ആര്‍ 405 ഇന്റര്‍സെക്ഷനിലായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവര്‍ എല്ലാവരും അപകടസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ടൈറ്റസ് വില്‍ പോലീസ് അറിയിച്ചു.
ഡാവന്‍പോര്‍ട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സ്‌പേസ് സെന്ററില്‍ നിന്ന് ഡാവന്‍പോര്‍ട്ടിലേക്ക് നേരിട്ടുള്ള വഴിയാണ് ഇത്. എസ്ആര്‍ 407 ഇന്റര്‍സെക്ഷനില്‍ ഗതാഗത തടസമുള്ളതിനാല്‍ യുടേണ്‍ എടുക്കാനായിരുന്നു സാറ്റ്‌നാവ് നിര്‍ദേശം. ആഡമിന് ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതായിരിക്കാം അപകടത്തിന് കാരണമായതെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് റ്റോഡ് ഹച്ചിന്‍സണ്‍ പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആഡമിന്റെ സഹോദരനും ഇവര്‍ക്കൊപ്പം അമേരിക്കയിലെത്തിയിരുന്നെങ്കിലും സ്‌പേസ് സെന്റര്‍ സന്ദര്‍ശനത്തിന് കുടുംബത്തിനൊപ്പം പോയിരുന്നില്ല.
Leave a Reply