അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണത്തിനെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുവന്നു. വാഷിങ്മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഉത്പന്നങ്ങൾ അധികകാലം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് നിരന്തരം ഉയർന്നുവന്നിരുന്നു. ഉപഭോക്താക്കൾ വാങ്ങുന്ന ഗൃഹോപകരണങ്ങളും മറ്റ് ഉത്പന്നങ്ങളും രണ്ട് മൂന്ന് വർഷത്തിനുള്ളിൽ മാറ്റി വാങ്ങിപ്പിക്കുക എന്നുള്ളത് ഇതുവരെ വൻകിട കമ്പനികൾ പിൻതുടർന്നു വന്നിരുന്ന വാണിജ്യ തന്ത്രമായിരുന്നു. ഈ വാണിജ്യ തന്ത്രത്തിൻെറ ഭാഗമായി വാറന്റി പീരിയഡ് കഴിയുന്ന മുറയ്ക്ക് കേടാകുന്ന തരത്തിൽ നിലവാരമില്ലാത്ത സ്പെയർ പാർട്സുകളാണ് വൻകിട കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിച്ച് വന്നിരുന്നത്. അതിനാൽ തന്നെ പല ഉപകരണങ്ങളിലെയും സ്പെയർ പാർട്സ് പ്ലാസ്റ്റിക് മുതലായ മെറ്റീരിയലുകൾ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇങ്ങനെയുള്ള പല സ്പെയർപാർട്സും വാറന്റി പീരിയഡ് കഴിയുമ്പോൾ കേടാവുകയും ഉത്പന്നം മൊത്തമായി മാറ്റി വാങ്ങാൻ ഉപയോക്താക്കൾ നിർബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റൈറ്റ് റ്റു റിപ്പയർ നിയമത്തിലൂടെ ഈ ചൂഷണത്തിന് പരിഹാരം കാണാനാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് നിർമാതാക്കൾ നിയമപരമായി ബാധ്യസ്ഥരാണ്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഉത്പന്നങ്ങളുടെ ആയുസ് 10 വർഷം വരെ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റൈറ്റ് റ്റു റിപ്പയർ നിയമം പരിസ്ഥിതിയ്ക്കും വളരെയധികം പ്രയോജനപ്രദമാണ്. ഓരോ വർഷവും യുകെയിൽ 1.5 ദശലക്ഷം ഇലക്ട്രോണിക് മാലിന്യമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. റൈറ്റ് റ്റു റിപ്പയർ ആക്ട് നിലവിൽ വരുന്നതോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇലക്ട്രോണിക് വേസ്റ്റിൻെറ അളവ് താരതമ്യേന കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്നത് ഒഴിവാക്കാനും പുതിയനിയമം നിർണ്ണായകമായ ചുവടുവെയ്‌പ്പാണെന്ന് വിലയിരുത്തപ്പെടുന്നു.