ന്യൂസ് ഡെസ്ക് മലയാളം യുകെ
കാലിഫോർണിയ: കാലിഫോർണിയയിലെ മെഴ്‌സഡ് നദിയ്ക്ക് സമീപം മൂന്നു പേരടങ്ങുന്ന ബ്രിട്ടീഷ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാൽനടയാത്ര നടത്തുന്നതിനിടെയാണ് മൂവരും മരണപെട്ടത്. കടുത്ത ചൂട് കാരണമുണ്ടായ ഹൈപ്പർതേർമിയയാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. ജോനാഥൻ ഗെറിഷ് (45), ഭാര്യ എല്ലെൻ ചുങ്ങ്, മകൾ ഔറേലിയ (1) എന്നിവരാണ് മരണമടഞ്ഞത്. നായ ഓസ്‌കിയുമായാണ് കുടുംബം യാത്ര തിരിച്ചത്. ആ സമയം താപനില 43° സെൽഷ്യസ് ആയിരുന്നു. കടുത്ത ചൂടും കൈവശം ഉണ്ടായിരുന്ന വെള്ളം തീർന്നുപോയതും കുടുംബത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. അവരുടെ കാറിൽ നിന്ന് 1.6 മൈൽ അകലെ സിയറ നാഷണൽ ഫോറസ്റ്റ് ട്രയലിൽ മെഴ്‌സ്ഡ് നദിക്ക് സമീപമുള്ള പർവതപ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഹൈപ്പർതേർമിയ മൂലം ബ്രിട്ടീഷ് കുടുംബം മരണപ്പെട്ടതായി മാരിപോസ കൗണ്ടി ഷെരീഫ് ജെറമി ബ്രീസ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ചൂടുള്ള കാലാവസ്ഥയിൽ ഒരു വ്യക്തിയുടെ ശരീര താപനില അപകടകരമാംവിധം ഉയരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. നിർഭാഗ്യകരവും ദാരുണവുമായ സംഭവമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. 8 വയസുള്ള വളർത്തുനായയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്കാണ് കുടുംബം ഹൈക്കിംഗ് ആരംഭിച്ചത്. എട്ടു മൈൽ താണ്ടുകയെന്നതായിരുന്നു ലക്ഷ്യം.
അവർ യാത്ര ആരംഭിച്ചപ്പോൾ, താപനില 23 ഡിഗ്രിയായിരുന്നു. എന്നാൽ പിന്നീട് അതിവേഗം ഉയർന്നു. മൂന്ന് വർഷം മുമ്പ് ഉണ്ടായ കാട്ടുതീയിൽ പല മരങ്ങളും നശിച്ചതിനാൽ അവരുടെ സഞ്ചാരപാതയിൽ തണലും കുറവായിരുന്നു. കുത്തനെയുള്ള കയറ്റത്തിൽ അവർ എത്തുമ്പോഴേക്കും താപനില 43 ° സെൽഷ്യസിൽ എത്തിയിരുന്നു. 2.5 ലിറ്റർ വെള്ളമുണ്ടായിരുന്നുവെങ്കിലും അത് തീർന്നതോടെ വേറെ മാർഗം ഇല്ലാതായി. മെഴ്‌സ്ഡ് നദിയിലെ മലിനമായ ജലവും അവർക്ക് തിരിച്ചടിയായി. കുടുംബത്തെ കാണാതായെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരുടെയും മൃതദേഹം കണ്ടെടുത്തത്.
Leave a Reply