ന്യൂസിലാന്‍സില്‍ നടന്ന വൈറ്റ് ടെററിസ്റ്റ് ആക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണ് 24 കാരനായ യുവാവ് അറസ്റ്റിലായത്. ക്രൈസ്റ്റ്ചര്‍ച്ച് സംഭവത്തില്‍ അക്രമിയെ അനുകൂലിച്ചുകൊണ്ടാണ് ഓള്‍ഡ്ഹാം സ്വദേശിയായ യുവാവ് പോസ്റ്റിട്ടത്. വിദ്വേഷം നിറഞ്ഞ ആശയങ്ങള്‍ പങ്കുവെച്ചു എന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷമകരമായ ഒരു സമയത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് പോലീസ് വക്താവ് പറഞ്ഞു. ന്യൂസിലാന്‍ഡ് സംഭവത്തിന്റെ അലകള്‍ ലോകത്തെങ്ങും മുഴങ്ങിക്കൊണ്ടിരിക്കുന്നു. പലയാളുകളും നടുങ്ങിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ് ഇത്. അതിനിടെ നിയമം അനുവദിക്കുന്ന സീമകള്‍ ലംഘിക്കുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും പ്രോസിക്യൂഷനെ നേരിടേണ്ടി വരികയും ചെയ്യുമെന്നും വക്താവ് പറഞ്ഞു.
ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ബ്രെന്റണ്‍ ടാറന്റ് എന്ന 28 കാരനായ ഓസ്‌ട്രേലിയക്കാരനാണ് വെടിവെയ്പ്പ് നടത്തിയത്. തോക്കില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിക്കൊണ്ടായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. 50 ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അഭയാര്‍ത്ഥി, കുടിയേറ്റ വിരുദ്ധ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.
സംഭവത്തോട് അനുബന്ധിച്ച് മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ആക്രമണത്തില്‍ മസ്ജിദ് അല്‍ നൂറില്‍ 41 പേര്‍ തല്‍ക്ഷണം മരിച്ചു. സെന്‍ട്രല്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഡീന്‍സ് അവന്യൂവിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ലിന്‍വുഡ് മസ്ജിദില്‍ ഏഴു പേരും പരിക്കേറ്റ് ചികിത്സയിലിരിക്കെ ക്രൈസ്റ്റ്ചര്‍ച്ച് ഹോസ്പിറ്റലില്‍ വെച്ച് ഒരാളുമാണ് മരിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആയുധ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.
Leave a Reply