ന്യൂസ് ഡെസ്ക്
ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാർ രംഗത്തെത്തി. ബ്രിട്ടൺ നല്കുന്ന 98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. “ഇന്ത്യക്കാർ സഹായം ആഗ്രഹിക്കുന്നില്ല, അതുകൂടാതെ ആവശ്യവുമില്ല”. മുൻ ബ്രെക്സിറ്റ് സെക്രട്ടറിയായ ഡേവിഡ് ഡേവിസ് പറഞ്ഞു. ആവശ്യമില്ലാത്ത സഹായം നല്കി ബ്രിട്ടൺ ഇന്ത്യയുടെ മൂൺ ലോഞ്ച് സ്പോൺസർ ചെയ്യുകയാണ് എന്നാണ് ടോറി എം.പിയുടെ വിമർശനം.
ബ്രിട്ടന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഈ വർഷം 52 മില്യൺ പൗണ്ടും അടുത്ത വർഷം 46 മില്യൺ പൗണ്ടും ഇന്ത്യയ്ക്ക് നല്കുന്നുണ്ട്. 254 മില്യൺ പൗണ്ട് ഫോറിൻ എയിഡായി സ്വീകരിച്ച ഇന്ത്യ സഹായമായി മറ്റു രാജ്യങ്ങൾക്ക് നല്കിയത് 912 മില്യൺ പൗണ്ടാണ് എന്ന് കണക്കുകൾ കാണിക്കുന്നു. “സ്വന്തമായി സ്പേസ് പ്രോഗ്രാം ഡെവലപ് ചെയ്ത രാജ്യമാണ് ഇന്ത്യ. അതേ പോലെ ഓവർസീസ് എയ്ഡ് പ്രോഗ്രാം ഇന്ത്യയ്ക്കുണ്ട്. ബ്രിട്ടണിലെ ജനങ്ങൾ ടാക്സായി നല്കുന്ന പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിക്കുന്നത് അനുയോജ്യമായ രീതിയിലാണ് എന്ന് ഉറപ്പു വരുത്തണം”. വെസ്റ്റ് യോർക്ക് ഷയറിലെ എം.പിയായ ഫിലിപ്പ് ഡേവിസ് പറഞ്ഞു. നികുതിദായകരുടെ പണം ഇങ്ങനെ ചെലവഴിക്കുന്നതിനെ ജനങ്ങളുടെ മുന്നിൽ ന്യായീകരിക്കാൻ സാധിക്കില്ല എന്നാണ് നോർത്ത് വെസ്റ്റ് ലെസ്റ്ററിലെ എം.പിയായ ആൻഡ്രു ബ്രിഡ്ജൻ അഭിപ്രായപ്പെട്ടത്.
Leave a Reply