കൂട്ടുകാരുമൊത്ത് ദുബായിലേക്ക് ഹോളിഡേ യാത്ര നടത്തിയ 30 കാരിയായ നഴ്‌സ് മരിച്ചു. ഷാര്‍ലറ്റ് കാര്‍ട്ടര്‍ എന്ന മെന്റല്‍ ഹെല്‍ത്ത് നഴ്‌സാണ് മരിച്ചത്. ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ വെച്ചു തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പിന്നീട് വിമാനമിറങ്ങി ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. ഒക്ടോബര്‍ 29നായിരുന്നു ഇവര്‍ രണ്ട് സുഹൃത്തുക്കളുമൊത്ത് ഗാറ്റ്വിക്കില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ടത്. ടേക്ക് ഓഫിനു മുമ്പ് ഇവര്‍ ഷാംപെയിന്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഏഴു മണിക്കൂര്‍ നീളുന്ന യാത്രക്കിടെ ഷാര്‍ലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രക്കായി ഷാര്‍ലറ്റ് ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ ആശുപത്രി ബില്ലുകള്‍ നല്‍കാനും മൃതദേഹം യുകെയില്‍ എത്തിക്കാനും 30,000 പൗണ്ട് നല്‍കേണ്ട അവസ്ഥയിലാണ് ഇവരുടെ കുടുംബം.
ഷാര്‍ലറ്റിന്റെ സുഹൃത്തായ മേഗന്‍ ബോയ്‌സ് പണം സമാഹരിക്കുന്നതിനായി ഒരു ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. യുഎഇയില്‍ താമസിക്കുന്ന കെയ്റ്റ് ജോര്‍ജ് എന്ന സുഹൃത്തിന്റെ അടുത്തേക്കായിരുന്നു ഷാര്‍ലറ്റ് വിമാനമിറങ്ങിയ ശേഷം പോയത്. ഈ യാത്രക്കിടെയാണ് ഇവര്‍ കുഴഞ്ഞു വീണത്. തന്നെ കാണാനാണ് അവള്‍ വന്നതെന്ന് കെയ്റ്റ് പറഞ്ഞു. വിമാനത്തില്‍ വെച്ചു തന്നെ അവള്‍ തനിക്ക് കാണാന്‍ തിടുക്കമായെന്ന മെസേജുകള്‍ അയച്ചിരുന്നു. അത്രയും ആകാംക്ഷാ ഭരിതമായ യാത്രയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ മറന്നതായിരിക്കുമെന്നും കെയ്റ്റ് പറഞ്ഞു. ഫൈവ് പാം ജുമൈറാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിക്കാനിരുന്നത്. അതിന്റെ ആവേശത്തിലുമായിരുന്നു സംഘം.
സൗത്ത് വെയില്‍സിലെ സ്വാന്‍സീ സ്വദേശിയാണ് ഷാര്‍ലറ്റ്. മൃതദേഹം യുകെയില്‍ എത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണകാരണം സ്ഥിരീകരിക്കുന്നതിനായാണ് ഇത്. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഫോറിന്‍ ഓഫീസ് കോമണ്‍വെല്‍ത്ത് വക്താവ് പറഞ്ഞു. എമിറേറ്റ് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും വക്താവ് പറഞ്ഞു. ജസ്റ്റ്ഗിവിംഗ് പേജില്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗില്‍ ഇതുവരെ 17,000 പൗണ്ട് എത്തിയിട്ടുണ്ട്.
Leave a Reply