ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി സൈമണ്ടും അടുത്ത വർഷം ജൂലൈയിൽ വിവാഹിതരാകും. ഇരുവരും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സേവ്-ദി-ഡേറ്റ് കാർഡുകൾ അയച്ചുതുടങ്ങിയിട്ടുണ്ട്. 2019 ൽ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കൊറോണ വൈറസ് കാരണം വിവാഹം വൈകുകയായിരുന്നു. 2022 ജൂലൈ 30 ന് നടക്കുന്ന ചടങ്ങിൽ വച്ച് ബോറിസ് ജോൺസൻ (56), കാരി സൈമണ്ട്സ് (33) നെ വിവാഹം ചെയ്ത് ഭാര്യയായി സ്വീകരിക്കും. ജോൺസന്റെ ബക്കിംഗ്ഹാംഷെയർ കൺട്രിയിലെ മാളികയായ ചെക്കേഴ്‌സ് വിവാഹത്തിന് ആതിഥേയത്വം വഹിക്കുന്നമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തു. സൈമണ്ട്സ് പ്രവർത്തിക്കുന്ന കെന്റിലെ പോർട്ട് ലിംപ്‌നെ സഫാരി പാർക്ക് ആണ് സാധ്യമായ മറ്റൊരു വിവാഹ വേദി.

2019 ജൂലൈയിൽ താമസം മാറി ഡൗണിംഗ് സ്ട്രീറ്റിൽ താമസിക്കുന്ന ആദ്യത്തെ അവിവാഹിത ദമ്പതികളാണ് ജോൺസണും സൈമണ്ടും. ദമ്പതികൾ വിവാഹിതരാകുന്നതുവരെ സൈമണ്ടിന് ഒരു പൂർണ്ണ ‘പ്രഥമ വനിത’യാകാൻ കഴിയില്ലെന്ന് മുൻകാലങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും സൈമണ്ട്സ് ഗർഭിണിയാണെന്ന വാർത്തയും കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു. 2018ലെ ഒരു ധനസമാഹരണ വേളയിൽ വച്ചാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്.