ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വാക്സിൻ വിതരണം ഒരു ദേശീയ വെല്ലുവിളിയാണെന്നും, രാജ്യത്തുള്ള എല്ലാവരുടെയും സഹായം അതിന് ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. ഇതുവരെ യുകെയിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭ്യമായിട്ടുണ്ട്. ഈ യജ്ഞത്തിൽ സൈനികരും അവരുടെ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ എല്ലാവരുടെയും സഹകരണം കൊണ്ട് ഈ ലക്ഷ്യം നമുക്ക് കൈവരിക്കാനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പുനൽകി. ക്രിസ്മസിനു ശേഷം ഇതുവരെ ഇംഗ്ലണ്ടിൽ മാത്രം പതിനായിരത്തോളം ആളുകളാണ് ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് മൂലം അഡ്മിറ്റ് ആയിരിക്കുന്നത് എന്ന് എൻഎച്ച് എസ് ഇംഗ്ലണ്ടിന്റെ ഹെഡ് ആയിരിക്കുന്ന സൈമൺ സ്റ്റീവ്ൻസ് പറഞ്ഞു.
വാക്സിൻ വിതരണത്തിന് ആവശ്യമായ നടപടികൾ ആർമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എല്ലാവരുടെയും വീട്ടിൽ നിന്നും 10 മൈൽ ദൂരെ എങ്കിലും ഒരു വാക്സിൻ സെന്റർ ലഭ്യമാക്കാനാണ് തീരുമാനം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. തന്റെ സഹപ്രവർത്തകർ എല്ലാവരും സുസജ്ജം ആണെന്ന് വാക്സിൻ ഡെലിവറി പ്രോഗ്രാമിന് സഹായിക്കുന്ന ആർമി കമാൻഡർ ജനറൽ ബ്രിഗേഡിയർ ഫിൽ പ്രോസ്സർ അറിയിച്ചു. ജനുവരി 15 നുള്ളിൽ ആദ്യത്തെ നാല് പ്രയോറിറ്റി ഗ്രൂപ്പുകളിൽ ഉള്ള 15 മില്യനോളം ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൊവ്വാഴ്ച മാത്രം 30,370 പേരാണ് കോവിഡ് മൂലം ആശുപത്രിയിലെത്തിയത്. സാഹചര്യം വൻ രൂക്ഷമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ഏർപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Leave a Reply