ബ്രിട്ടനിൽ തെരേസ മേയ് സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഡാമിയന്‍ ഗ്രീനിന്റെ ഓഫീസ് കമ്പ്യൂട്ടറിൽ നീലച്ചിത്രങ്ങളും അശ്ലീല ഫോട്ടോകളും കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി. ഒൻപതുവർഷം മുൻപാണ് ഇദ്ദേഹത്തിന്റെ ഓഫീസ് കമ്പ്യൂട്ടറിൽനിന്നും നീലച്ചിത്രങ്ങളും മറ്റും കണ്ടെത്തുന്നത്. എന്നാൽ ഡാമിയനല്ല ഇത് ഡൗൺലോഡ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തെരേസ മേയുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തിന്റെ മറുപടി പോലീസുകാർക്ക് വിശ്വാസ്യമായി തോന്നിയില്ല. ഇതിനുപിന്നാലെ മറ്റൊരു യുവതി അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണവും ഉന്നയിച്ചു. 2015ല്‍ ലണ്ടനിലെ ഒരു പബ്ബില്‍വച്ച് ഡാമിയന്‍ തന്റെ കാലില്‍ സ്‌പര്‍ശിക്കുകയും അസഭ്യപരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നായിരുന്നു വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാല്‍ട്ബെ ആരോപിച്ചത്. ലൈംഗിക പീഡന വിവാദം കൂടി പുറത്തുവന്നതോടെ പഴയ നീലച്ചിത്ര വിവാദം വീണ്ടും കുത്തിപൊക്കുകയായിരുന്നു. പുതിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തുകയും പുറത്താക്കുകയുമായിരുന്നു. മന്ത്രിമാര്‍ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തി ഡാമിയന്‍ ഗ്രീനിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി തേരേസ മേയ് നിര്‍ബന്ധിതയാക്കുകയായിരുന്നു. ലൈംഗിക പീഡന ആരോപണം അദ്ദേഹം ഇപ്പോഴും നിഷേധിക്കുന്നു.