ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ചരക്ക് കപ്പൽ ചെങ്കടലിൽ മുങ്ങി. ഫെബ്രുവരി 18 -ാം തീയതിയാണ് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത റൂബിമർ എന്ന ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടത്. യെമനിലെ അൽ മുഖയ്ക്ക് തെക്ക് 35 നോട്ടിക്കൽ മൈൽ അകലെയുള്ള ബാബ് അൽ-മന്ദാബ് കടലിടുക്കിലാണ് കപ്പൽ ആക്രമിക്കപ്പെട്ടത് എന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വെളിപ്പെടുത്തിയിരുന്നു.
171.6 മീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള ബ്രിട്ടീഷ് ചരക്ക് കപ്പലിലെ ജീവനക്കാർ ആക്രമണത്തെ തുടർന്ന് കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരായിരുന്നു. ആക്രമണത്തിൽ കപ്പൽ തകർന്നെങ്കിലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. മിഡിൽl ഈസ്റ്റിൽ അടുത്തിടെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ പൂർണമായും നശിച്ച കപ്പലാണ് ഇത്. കപ്പൽ തകർന്നത് മൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയും ഹൂതികൾ ചെങ്കടലിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഏതെങ്കിലും കപ്പലുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ചെങ്കടലിലെ ചരക്ക് കപ്പലുകൾക്കെതിരെ യുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തികൊണ്ടിരിക്കുകയാണ് . ഹൂതികൾക്കെതിരെയുള്ള സൈനിക നടപടിയിൽ ഓസ്ട്രേലിയ, ബഹ്റിൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയും ഉണ്ട് . ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവുംl നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്
Leave a Reply