ന്യൂസ് ഡെസ്ക്
യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. സിറിയയിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏതു നിമിഷവും റഷ്യൻ പ്രത്യാക്രമണം ഉണ്ടാവാമെന്ന് ബ്രിട്ടൺ കരുതുന്നു. സിറിയൻ ഗവൺമെൻറിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ മിലിട്ടറി സിറിയൻ വിമതർക്കെതിരെ നീക്കം നടത്തുമ്പോൾ അതിനെ അട്ടിമറിക്കുന്ന രീതിയിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തെ റഷ്യ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ബ്രിട്ടണിലെ എൻഎച്ച്എസും നാഷണൽഎനർജി ഗ്രിഡും വാട്ടർ സപ്ളൈയും ബാങ്കിംഗ് സിസ്റ്റവും സൈബർ അറ്റാക്കിലൂടെ ഏതു നിമിഷവും തകർക്കപ്പെടുമെന്നാണ് ആശങ്ക. സൈബർ സെക്യൂരിറ്റി സിസ്റ്റത്തിൽ കടന്നു കയറി ബ്രിട്ടന്റെ ജീവനാഡിയായ ഫസിലിറ്റികളെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് റഷ്യ നടത്തുന്നത് എന്നാണ് കരുതുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് ക്യാബിനറ്റ് മുന്നറിയിപ്പ് അതീവ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
റഷ്യൻ പൗരനായ ഇരട്ട ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും നേർവ് ഏജൻറ് ഉപയോഗിച്ചു വധിക്കാൻ റഷ്യ ശ്രമിച്ചു എന്ന ബ്രിട്ടന്റെ ആരോപണം ബ്രിട്ടീഷ് – റഷ്യ ബന്ധം അത്യന്തം വഷളാക്കിയിരുന്നു. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിയ്ക്ക് അതേ നാണയത്തിൽ റഷ്യയും തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും 100 ലേറെ റഷ്യൻ ഡിപ്ളോമാറ്റുകളെ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറം തള്ളി.
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ട് SATAN 2 എന്ന ന്യൂക്ളിയർ മിസൈൽ റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു. 4000 മൈൽ സ്പീഡിൽ കുതിക്കുന്ന ഈ മിസൈലിനെ തകർക്കാൻ 400 അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കേണ്ടി വരും. പ്രകോപനപരമായ നീക്കങ്ങൾ നടത്തരുതെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു. ഏതു നിമിഷവും ഒരു യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
Leave a Reply