ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് പുലർച്ചെ സിസിലി തീരത്ത് ആഡംബര ബ്രിട്ടീഷ് കപ്പലായ ബയേസിയൻ മുങ്ങിയ സംഭവത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ ആറ് പേരെ കാണാതായതാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 56 മീറ്റർ നീളമുള്ള ആഡംബര കപ്പൽ ചുഴലിക്കാറ്റിനെ തുടർന്ന് പലേർമോയ്ക്ക് സമീപം മുങ്ങുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 22 പേരിൽ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ പൗരന്മാർ ഉൾപ്പെടുന്നുണ്ട്. ഇതുവരെ 15 പേരെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ പതിനഞ്ചു പേരിൽ ഒരു വയസ്സ് വരുന്ന ഇംഗ്ലീഷ് പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയെ പലേർമോയിലെ ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും യുകെയിൽ നിന്നുള്ളവരാണ്. സിസിലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ ഏകദേശം 50 മീറ്റർ താഴ്ചയിൽ കിടക്കുന്ന കപ്പലിൻെറ അവശിഷ്ടങ്ങൾ കാണാം. കാണാതായ ആറ് പേർക്കായി സ്‌കൂബ ഡൈവർമാർ തിരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ച പകുതി മുതൽ, പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ മോശം കാലാവസ്ഥയാണ്. ഇടയ്ക്കിടെ കൊടുങ്കാറ്റുകളും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. 2008-ൽ നിർമ്മിച്ച ബയേഷ്യൻ എന്ന ഈ ആഡംബര കപ്പൽ ഭൂരുഭാഗം യാത്രകളും നടത്തിയത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ്. റെവ്‌ടോം ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ.
Leave a Reply