ലണ്ടന്‍: ബ്രിട്ടീഷ് കൗമാരക്കാരില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് പഠനം. 15 വയസു വരെയുള്ള കുട്ടികളാണ് ഏറ്റവും തീവ്രമായി ഇന്റര്‍നെറ്റില്‍ വിഹരിക്കുന്നതത്രേ. ദിവസവും 6 മണിക്കൂറെങ്കിലും ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ട്. ഒഇസിഡി രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. തിങ്ക്ടാങ്ക് ആയ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സര്‍വേ നടത്തിയത്. മറ്റ് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍) രാജ്യങ്ങളുടെ ശരാശരിയേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെ കണക്കെന്നും സര്‍വേ പറയുന്നു.
യുകെയെക്കാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ചിലി മാത്രമാണ്. 35 അംഗരാജ്യങ്ങളാണ് ഒഇസിഡിയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും ഈ വിധത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം ചില മോശം അനന്തരഫലങ്ങള്‍ ഉളവാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അന്താരാഷ്ട്ര ശരാശരിയിലും താഴെ പ്രായനിരക്കിലുള്ള കുട്ടികളാണ് ബ്രിട്ടനില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 6 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്ക് ഇവരില്‍ മൂന്നിലൊന്ന് പേര്‍ ഇരയായിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
Leave a Reply