ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബലാത്സംഗ കേസിൽ ബ്രിട്ടീഷ് വിനോദസഞ്ചാരി മഗലൂഫിൽ പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ നടന്നതായി പറയപ്പെടുന്ന ബലാത്സംഗത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബാഗുകൾ പായ്ക്ക് ചെയ്ത് ദ്വീപ് വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ സുഹൃത്തിനെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. താമസിച്ചിരുന്ന മുറിയ്ക്ക് അടുത്തുള്ള യുവതിയുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ പീഡനം നടത്തിയത്. തുടർന്ന് മഗലൂഫിലെ പൂന്ത ബല്ലേന പാർട്ടി സ്ട്രിപ്പിന് സമീപമുള്ള സിവിൽ ഗാർഡ് ഓഫീസിൽ അലാറം മുഴക്കിയതോടെയാണ് സംഭവം പുറത്ത് വന്നത്.
മജോർക്കയിലെ പാൽമ എയർപോർട്ടിലെ ഫ്ലൈറ്റ് ഗേറ്റിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ, ഇരയായ യുവതിയിൽ നിന്ന് മൊഴി എടുത്തിരുന്നു.പോലീസ് അറസ്റ്റ് ചെയ്യുമെന്ന് തോന്നിയ പ്രതി ഉടൻ തന്നെ വിമാനമാർഗം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ എയർപോർട്ടിൽ വെച്ചാണ് പോലീസ് പിടികൂടിയത്. യുകെയിലേക്ക് മടങ്ങുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്‌ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കിയ ഇയാൾക്ക്, ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ചൊവ്വാഴ്ച നടന്നതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ചും തുടർന്നുള്ള അറസ്റ്റിനെക്കുറിച്ചും സ്പെയിനിലെ സിവിൽ ഗാർഡ് സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി പ്രതിയുടെ പേരോ മറ്റ് വിവരങ്ങളൊ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ദ്വീപിൽ തുടർച്ചയായി സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണ സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ സമാനമായ സംഭവത്തിന്റെ ഞെട്ടൽ വിട്ട് മാറുന്നതിനിടയിലാണ് ഇപ്പോൾ പുതിയ സംഭവം.
Leave a Reply