മലേഷ്യയില്‍ വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബ്രിട്ടീഷ് വനിതയ്ക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മലേഷ്യന്‍ വിനോദസഞ്ചാര കേന്ദ്രമായ ലങ്കാവിയില്‍ വെച്ച് ബ്രിട്ടീഷുകാരനായ ജോണ്‍ വില്യം ജോണ്‍സ് എന്ന 62കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യയായ സമാന്ത (62) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് ജോണ്‍സിനെ കുത്തേറ്റ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കുതര്‍ക്കത്തിനിടെ ഇവര്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നതെന്ന് ലോക്കല്‍ പോലീസ് ചീഫ് മുഹമ്മദ് ഇക്ബാല്‍ എഎഫ്പിയോട് പറഞ്ഞു. ലങ്കാവിയില്‍ ഈ ദമ്പതികള്‍ കഴിഞ്ഞ 11 വര്‍ഷമായി താമസിച്ചു വരികയായിരുന്നു.

പിടിയിലായ സമാന്തയെ റിമാന്‍ഡ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും സമാന്ത അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ജോണ്‍സിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. രക്തക്കറകളുമായി 12 ഇഞ്ച് നീളമുള്ള കത്തി ഇവരുടെ ബെഡ്‌റൂമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. സാധാരണ വിസാ കാലാവധിക്കു മേല്‍ താമസത്തിന് അനുമതി ലഭിക്കുന്ന മൈ സെക്കന്‍ഡ് ഹോം പ്രോഗ്രാം അനുസരിച്ചാണ് ഇവര്‍ മലേഷ്യയില്‍ ഇത്രയും കാലം താമസിച്ചു വന്നിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ മലേഷ്യന്‍ നിയമം അനുസരിച്ച് സമാന്തയെ തൂക്കിലേറ്റാന്‍ വിധിച്ചേക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊലക്കുറ്റത്തിന് വധശിക്ഷയാണ് മലേഷ്യ നിയമം അനുശാസിക്കുന്നത്. വധശിക്ഷ ഒഴിവാക്കുമെന്ന് അടുത്ത കാലത്ത് മലേഷ്യന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.