ന്യൂസ് ഡെസ്ക്, മലയാളം യുകെ
തായ്‌ലൻഡിൽ ബോട്ടിന് തീപിടിച്ച് വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിതയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അലക്‌സാന്ദ്ര ക്ലാർക്ക് എന്ന പേരുകാരിയായ യുവതിയാണ് അപകടത്തിൽ പെട്ടതെന്നാണ് പബ്ലിക് റിലേഷൻ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 വിനോദസഞ്ചാരികൾ, രണ്ട് ക്രൂ അംഗങ്ങൾ, രണ്ട് ഡൈവിംഗ് ഇൻസ്ട്രക്ടർമാർ, രണ്ട് അസിസ്റ്റൻ്റ് ഡൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ട ബോട്ടിൽ 22 പേരുണ്ടായിരുന്നു. അപകടത്തിൽ പെട്ട ബോട്ടിലെ ഏക യാത്രക്കാരി അലക്‌സാന്ദ്ര ക്ലാർക്ക് ആയിരുന്നു.
ബ്രിട്ടീഷ് യുവതിക്ക് വേണ്ടി അപകടം നടന്ന ഉടനെ തിരച്ചിൽ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു . തീപിടിത്തം റിപ്പോർട്ട് ലഭിച്ചതിന് ശേഷം, സൂറത്ത് താനി പ്രവിശ്യാ മറൈൻ ഓഫീസ് സ്വകാര്യ ബോട്ടുകളുമായും സന്നദ്ധപ്രവർത്തകരുമായും ഏകോപിപ്പിച്ച് വിനോദസഞ്ചാരികളെയും ജീവനക്കാരെയും സുരക്ഷിതമായി മറ്റൊരു ബോട്ടിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. യാത്രയ്ക്കിടെ ബോട്ടിന്റെ ഇന്ധന ടാങ്ക് നിറച്ചപ്പോൾ കവിഞ്ഞൊഴുകി തീപിടുത്തം ഉണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്‌ലൻഡിൽ കാണാതായ ഒരു ബ്രിട്ടീഷ് വനിതയുടെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നു എന്ന് യുകെ വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply